ആഗോള തലത്തിൽ സമ്പത്തിൻറെ ഏകീകരണം കൂടുതലായി വൻകിടക്കാരായ ഒരു ന്യൂനപക്ഷത്തിൽ തന്നെയായിരിക്കുമെന്ന സൂചന നൽകുന്ന റിപ്പോർട്ട് പുറത്ത്. 2027ഓടെ ലോകത്തിലെ ആദ്യത്തെ ‘ട്രില്യണയർ’ ആകാനുള്ള വേഗതയിൽ കുതിക്കുകയാണ് മൾട്ടി ബില്യണയർ ആയ ഇലോൺ മസ്‌ക്കെന്ന് സാമ്പത്തികശേഷി പിന്തുടരുന്ന ഒരു ഗ്രൂപ്പിൻറെ പുതിയ കണ്ടെത്തൽ.
ഇലക്‌ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല, സ്വകാര്യ റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സ് (മുമ്പ് ട്വിറ്റർ) എന്നിവയെക്കുറിച്ചുള്ള ‘ഇൻഫോർമ കണക്റ്റ് അക്കാദമി’യുടെ വിശകലനമനുസരിച്ച് ഇവയുടെ ഉടമയായ മസ്കിൻറെ സമ്പത്ത് വർഷത്തിൽ ശരാശരി 110 ശതമാനം എന്ന നിരക്കിൽ വളരുന്നു എന്നാണ്. അക്കാദമിയുടെ ‘2024 ട്രില്യൺ ഡോളർ’ ക്ലബ് റിപ്പോർട്ട് വെള്ളിയാഴ്ച പ്രചരിക്കാൻ തുടങ്ങിയതോടെ ‘ബ്ലൂംബെർഗ് ബില്യണയർ’ സൂചിക പ്രകാരം 251 ബില്യൺ ഡോളറുമായി ലോകത്തിലെ ഏറ്റവും വലിയ ധനികൻ കൂടിയായി മസ്ക്.
Also Read:ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി അദാനി
ട്രില്യണയർ പദവി നേടുന്ന രണ്ടാമത്തെയാളായി ഇന്ത്യയിലെ ബിസിനസ് കമ്പനി സ്ഥാപകൻ ഗൗതം അദാനി മാറുമെന്ന് അക്കാദമിയുടെ വിശകലനം സൂചിപ്പിക്കുന്നു. അദാനിയുടെ വാർഷിക വളർച്ചാ നിരക്ക് 123 ശതമാനത്തിൽ തുടരുകയാണെങ്കിൽ 2028ൽ അത് സംഭവിക്കുമെന്നാണ് റിപ്പോർട്ട്. ടെക് സ്ഥാപനമായ എൻ.വി.ഡിയയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായ ജെൻസൻ ഹുവാങ്, ഇന്തോനേഷ്യൻ ഊർജ-ഖനന വ്യവസായി പ്രജോഗോ പാൻഗെസ്റ്റു എന്നിവരും അവരുടെ വളർച്ച തുടരുകയാണെങ്കിൽ 2028ൽ ശതകോടീശ്വരന്മാരാകും. 2030ൽ ഒരു ട്രില്യൺ ഡോളർ നേടാനുള്ള പാതയിലാണ് മെറ്റയുടെ സി.ഇ.ഒ മാർക്ക് സുക്കർബർഗ്.
1916ൽ ലോകം ആദ്യത്തെ ശതകോടീശ്വരനെ പ്രഖ്യാപിച്ചപ്പോൾ സ്റ്റാൻഡേർഡ് ഓയലിൻറെ സ്ഥാപകനും അന്നത്തെ ഏറ്റവും വലിയ ഓഹരി ഉടമയുമായ യു.എസിലെ ജോൺ ഡി. റോക്ക്ഫെല്ലറാണ് ആ സ്ഥാനം കീഴടക്കിയത്.
എന്നാൽ, പല അക്കാദമിക് വിദഗ്ധരും വൻതോതിലുള്ള സമ്പത്തിൻറെ ഇത്തരം ഏകീകരണത്തെ ഗുരുതരമായ സാമൂഹിക പ്രതിസന്ധിയായാണ് കാണുന്നത്. ദരിദ്രരായ 66 ശതമാനത്തേക്കാൾ സമ്പന്നരായ ഒരു ശതമാനത്തിൻറെ വളർച്ച മനുഷ്യരാശിക്ക് കൂടുതൽ അപകടം വരുത്തുമെന്നും നിലവിലുള്ള കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രഥമ ചാലകമായ കാർബൺ ബഹിർഗമനത്തിൻറെ ആക്കം കൂട്ടുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.