ടെക്സാസ്: തൻ്റെ എല്ലാ സ്വത്തുക്കളും വിൽക്കുമെന്ന് 2020-ൽ പ്രഖ്യാപിച്ച ഇലോൺ മസ്‌ക് ടെക്‌സാസിൽ 35 മില്യൺ ഡോളറിന് (ഏകദേശം 295 കോടി രൂപ ) 11 മക്കൾക്കും മൂന്ന് മുൻ പങ്കാളികൾക്കുമായി വീട് വാങ്ങിച്ചിരിക്കുകയാണ്. 14,400 ചതുരശ്ര അടിയുള്ള കോമ്പൗണ്ടിൽ രണ്ട് വീടുകളാണുള്ളത്. ഒന്ന് ഇറ്റാലിയൻ ടസ്കാൻ വില്ല പോലെ രൂപകൽപ്പന ചെയ്‌തതും, മറ്റൊന്ന് ആറ് കിടപ്പുമുറികളുള്ള വില്ലയുമാണ്.
ഇലോണ്‍ മസ്കിന്‍റെ ടെക്സാസിലെ വസതിയില്‍ നിന്ന് ഏകദേശം 10 മിനിറ്റ് മാത്രം അകലെയാണ് പുതിയ മാളിക. വളരെ രഹസ്യമായാണ് ഇത്തരമാെരു നീക്കം മസ്ക് നടത്തിയത്. വീട്ടുടമകൾക്ക് വസ്തുവകകളുടെ വിപണി മൂല്യത്തേക്കാൾ 20 മുതൽ 70 ശതമാനം വരെ കൂടുതലാണ് മസ്ക് നൽകിയത്. തൻ്റെ ഇളയ കുട്ടികൾക്കായി “സമയം ഷെഡ്യൂൾ ചെയ്യുക” എന്നതാണ് മസ്ക് ലക്ഷ്യമിടുന്നതെന്നും അവർ “പരസ്പരം ജീവിതത്തിൻ്റെ ഭാഗമാകാൻ” ആഗ്രഹിക്കുന്നുവെന്നും പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറയുന്നു.
ഒന്നിലധികം ബന്ധങ്ങളും ആകെ പതിനൊന്ന് കുട്ടികളുമടങ്ങുന്നതാണ് മസ്കിന്റെ കുടുംബം. ആദ്യ ഭാര്യ ജസ്റ്റിൻ വിൽസണിൽ അദ്ദേഹത്തിന് 5 കുട്ടികളാണുള്ളത്. ഗായിക ഗ്രിംസുമായുള്ള ബന്ധത്തിൽ മൂന്ന് കുട്ടികളും, എന്നാൽ കുട്ടികളുടെ അവകാശം ഇതുവരെ മസ്കിന് സ്വന്തമായിട്ടില്ല. മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള ന്യൂറലിങ്കിൻ്റെ എക്‌സിക്യൂട്ടീവായ ശിവോൺ സിലിസുമായുള്ള ബന്ധത്തിൽ മസ്കിന് 3 കുട്ടികളുണ്ട്. ബ്രിട്ടീഷ് നടി താലുല റിലേയെ രണ്ടുതവണ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തെങ്കിലും ഈ ബന്ധത്തില്‍ കുട്ടികളില്ല.
ആ വർഷം തുടക്കത്തിൽ ജനസംഖ്യ കുറയുന്നത് തടയാന്‍ ആളുകള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് മസ്ക് നേരത്തെ പരസ്യമായി സംസാരിച്ചിരുന്നു.