റിയോ: ബ്രസീലിലെ എക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതിന് പിന്നാലെ വീണ്ടും ബ്രസീല്‍ സുപ്രീം കോടതി ജഡ്ജി അലക്‌സാണ്ട്രോ മൊറെസുമായി ഏറ്റുമുട്ടി യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. എക്‌സിന് ബ്രസീലില്‍ നിയമകാര്യ പ്രതിനിധിയെ നിയമിച്ചില്ലെങ്കില്‍ പ്ലാറ്റ്‌ഫോമിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തുമെന്ന് അലക്‌സാണ്ട്രോ കഴിഞ്ഞ ദിവസം ഉത്തരവിട്ടതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെ അപഹസിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ തന്റെ എക്‌സ അക്കൗണ്ടിലൂടെ മസ്‌ക് പങ്കുവെച്ചത്.
മസ്‌ക് ഷെയര്‍ ചെയ്ത ഒരു പോസ്റ്റില്‍ എ.ഐയുടെ സഹായത്തോടെ നിര്‍മിച്ച അഴിക്കുള്ളിലിരിക്കുന്ന അലക്‌സാണ്ട്രോ മൊറേസിന്റെ ചിത്രമാണുള്ളത്. പോസ്റ്റിനോടൊപ്പം ഈ ചിത്രം യാഥാര്‍ത്ഥ്യമാവുന്ന ഒരു ദിവസം വരുമെന്നും എന്റെ വാക്കുകള്‍ ഓര്‍ത്ത് വെച്ചോളു എന്നും അലക്സാണ്ട്രോയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Also Read: പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍
മറ്റൊരു പോസ്റ്റില്‍ അലക്സാണ്ട്രോയുടെ പേരെഴുതിയ ടൊയ്‌ലറ്റ് പേപ്പറിന്റെ ചിത്രം പങ്ക് വെച്ച് നിങ്ങള്‍ക്ക് എന്റെ ടോയ്‌ലറ്റ് പേപ്പര്‍ ഇഷ്ടമായോ എന്ന് ഫോളോവേഴ്‌സിനോട് ചോദിക്കുന്നുണ്ട്. മറ്റൊന്നില്‍ ചാറ്റ് ബോട്ടായ ഗ്രോകിനോട് ഫിക്ഷണല്‍ കഥാപാത്രങ്ങളായ സിത്ത് ലോര്‍ഡിനും വോള്‍ഡമോര്‍ട്ടിനും ഒരു കുഞ്ഞുണ്ടായി ബ്രസീല്‍ ജഡ്ജ് ആയാല്‍ എങ്ങനെയിരിക്കുമെന്ന് ചോദിക്കുന്നുണ്ട്.
അതിന്റെ ഫലമായി ലഭിച്ച ചിത്രവും മസ്‌ക് പങ്ക് വെച്ചിട്ടുണ്ട്. നേരത്തെ ബ്രസീലിലെ ഇന്റര്‍നെറ്റ് നിയന്ത്രണ നിയമത്തെ ബഹുമാനിക്കാത്ത കമ്പനികള്‍ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ജഡ്ജ് മസ്‌കിനെ ഉദ്ദേശിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌ക് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചത്.