ഇലക്ട്രിക് വിമാനത്തിന് ചിറകു നല്‍കാന്‍ എലീസിയന്‍; സീറോ എമിഷന്‍ ലക്ഷ്യം

ഇലക്ട്രിക് വിമാനത്തിന് ചിറകു നല്‍കാന്‍ എലീസിയന്‍; സീറോ എമിഷന്‍ ലക്ഷ്യം
ഇലക്ട്രിക് വിമാനത്തിന് ചിറകു നല്‍കാന്‍ എലീസിയന്‍; സീറോ എമിഷന്‍ ലക്ഷ്യം

ലക്ട്രിക് വിമാനം എന്ന സ്വപ്ന പദ്ധതിക്ക് ചിറക് നല്‍കാന്‍ ഒരുങ്ങുകയാണ് ഡച്ച് സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ എലീസിയന്‍. പൂര്‍ണമായും ഇലക്ട്രിക് കരുത്തില്‍ പറക്കുന്ന വിമാനം പത്ത് വര്‍ഷത്തിനുള്ളില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 805 കിലോമീറ്റര്‍ പറക്കാന്‍ സാധിക്കുന്ന ആഭ്യന്തര സര്‍വീസിനുള്ള വിമാനങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ ഒരുക്കുന്നത്. 90 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയായിരിക്കും ഇവയ്ക്ക് നല്‍കുക. ഇതിലൂടെ 90 ശതമാനം വരെ എമിഷന്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് എലീസിയന്‍ അവകാശപ്പെടുന്നത്.

2050 ആകുമ്പോഴേക്കും പരമാവധി റേഞ്ചും ഭാരവാഹക ശേഷിയുള്ള ഇലക്ട്രിക് വിമാനങ്ങള്‍ എത്തിക്കുന്നതിന് മികച്ച ബാറ്ററി സാങ്കേതികവിദ്യ ഒരുങ്ങേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, നിലവില്‍ ലഭ്യമായ സാങ്കേതികവിദ്യയും ബാറ്ററിയും ഉപയോഗിച്ച് പരമാവധി റേഞ്ച് ഉള്ള വിമാനത്തെ കുറിച്ചാണ് ഞങ്ങള്‍ ചിന്തിച്ചതെന്നാണ് എലീസിയനിലെ ഡിസൈന്‍ ആന്‍ഡ് എന്‍ജിനിയറിങ്ങ് മേധാവി റെയ്നാര്‍ഡ് ഡി വ്രീസ് അഭിപ്രായപ്പെട്ടത്.

ഇ9എക്സ് എന്ന പേരിലായിരിക്കും ഈ വിമാനം നിര്‍മിക്കുക.എട്ട് പ്രൊപ്പല്ലര്‍ എന്‍ജിനുകളും 42 മീറ്റര്‍ വലിപ്പമുള്ള വിങ്സും ഇതില്‍ നല്‍കും.ബോയിങ് 737, എയര്‍ബസ് എ320 എന്നീ വിമാനങ്ങളെക്കാള്‍ വലിപ്പം ഇലക്ട്രിക് മോഡലിന് ഉണ്ടാകും. മികച്ച എയറോഡൈനാമിക ശേഷിയായിരിക്കും ഇതിന്റെ മറ്റൊരു സവിശേഷത. യാത്രക്കാരനെ സംബന്ധിച്ച് ഏറ്റവും മികച്ച യാത്ര സൗകര്യങ്ങള്‍ ഈ ഇലക്ട്രിക് വിമാനത്തില്‍ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിലവില്‍ ആശയം മാത്രമേയുള്ളൂവെങ്കിലും മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്‌കെയില്‍ മോഡലും 2030 പ്രോട്ടോടൈപ്പും പുറത്തിറക്കാനാണ് ലക്ഷ്യം. സാധാരണ വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഡിസൈനിലായിരിക്കും ഇത് ഒരുക്കുകയെന്ന് ഉറപ്പാണ്. റെഗുലര്‍ ഫ്ളൈറ്റുകള്‍ക്ക് സമാനമായി ഇലക്ട്രിക് വിമാനങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നത് തെറ്റായ ധാരണയാണെന്നും റെയ്നാര്‍ഡ് ഡി വ്രീസ് പറഞ്ഞു.

Top