ഹവാന: ക്യൂബയ്ക്ക് എതിരായി നടത്തുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന ഐക്യരാഷ്ട്ര സംഘടന (യുഎൻ) പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യുഎസ് 1960 മുതൽ തുടരുന്ന സാമ്പത്തിക, വ്യാപാര ഉപരോധം പിൻവലിക്കണമെന്ന പ്രമേയത്തിന് യുഎൻ ജനറൽ അസംബ്ലിയിൽ 187 രാജ്യങ്ങളാണു പിന്തുണ നൽകിയത്. അതേസമയം ഈ പ്രമേയത്തിന് ഇന്ത്യ പൂർണ പിന്തുണ നൽകി. യുഎസും ഇസ്രയേലുമാണ് ഇതിനെ എതിർത്ത് വോട്ടു ചെയ്തത്. ക്യൂബയുടെ സമ്പദ്വ്യവസ്ഥയെയും ജനങ്ങളുടെ പുരോഗതിയെയും ഉപരോധം ഗുരുതരമായി ബാധിക്കുന്നതായി പ്രമേയത്തിന് പിന്തുണയറിയിച്ചുകൊണ്ട് ഇന്ത്യൻ പ്രതിനിധി സ്നേഹ ദുബെ സഭയിൽ വ്യക്തമാക്കി.
Also Read : ആക്രമണം രൂക്ഷമാക്കി ഇസ്രായേൽ; 24 മണിക്കൂറിനിടെ 140 മരണം
ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ക്യൂബയിലെ ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് യുഎസ് ഡപ്യൂട്ടി അംബാസഡർ പോൾ ഫോംസ്ബി ന്യായീകരിച്ചു. ക്യൂബയിലെ ജനങ്ങളെ സഹായിക്കാനാണ് ഉപരോധമെന്ന വാദം തള്ളിക്കളഞ്ഞ ക്യൂബൻ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് രാജ്യത്തെ വളരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർച്ചയായി 32–ാം തവണയാണ് ഇത്തരത്തിൽ സമാനമായ പ്രമേയം യുഎൻ പാസാക്കുന്നത്. 1959ൽ നിലവിൽ വന്ന കമ്യൂണിസ്റ്റ് ഭരണകൂടത്തോടുള്ള എതിർപ്പുകാരണം യുഎസ് നടത്തുന്ന ഉപരോധം മൂലം ക്യൂബ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയാണ് കുറച്ചു കാലങ്ങളായി കടന്നുപോകുന്നത്.