നാണവും മാനവും ഇല്ലാത്ത ഒരു പാർട്ടി ആയാണ് കോൺഗ്രസ്സ് ഇപ്പോൾ മാറിയിരിക്കുന്നത്. ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെങ്കിൽ സ്ത്രീപീഡന കേസിൽ പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടക്കേണ്ടി വന്ന കോൺഗ്രസ്സ് എം.എൽ.എമാരായ എം.വിൻസെന്റും എൽദോസ് കുന്നപ്പള്ളിയുമാണ് ആദ്യം രാജിവയ്‌ക്കേണ്ടത്. ഇവർ കുറ്റാരോപിതരും മുകേഷ് മാത്രം കുറ്റവാളിയുമാണെന്ന് എങ്ങനെയാണ് കോൺഗ്രസ്സ് നേതൃത്വത്തിന് പറയാൻ സാധിക്കുക? അങ്ങനെ പറയുന്നത് തന്നെ ഇരട്ടത്താപ്പ് നയമാണ്.
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കിടന്ന ചരിത്രമുള്ളയാളാണ് കോവളം എംഎൽഎ എം വിൻസെന്റ്. പീഡനക്കേസിൽ ഒളിവിൽ പോയ വ്യക്തിയാണ് പെരുമ്പാവൂർ എംഎൽഎ ആയ എൽദോസ് കുന്നപ്പള്ളി. നിലവിൽ രണ്ടുപേരും എംഎൽഎ മാരായി തുടരുന്നതിനാൽ മുകേഷിന്റെ രാജി ആവശ്യപ്പെടാനുള്ള ധാർമികാവകാശവും കോൺഗ്രസിനില്ല. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് നടത്തിയ എം.എൽ.എ ഓഫീസ് മാർച്ചും സംഘർഷവുമെല്ലാം കേവലം പ്രഹസനം മാത്രമാണ്.
മുകേഷിനെതിരായ ആരോപണത്തിൽ വഴിത്തിരിവ് ഉണ്ടാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. അതിൽ പ്രധാനം പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തതിന് തെളിവുണ്ട് എന്ന എം.എൽഎയുടെ വെളിപ്പെടുത്തലാണ്. ഈ തെളിവ് പൊലീസിന് മുകേഷ് കൈമാറിയാൽ വാദി തന്നെയാണ് പ്രതിയാവാൻ പോകുന്നത്. ഇതിന് സമാനമായ ഒരു പരാതിയാണ് നടൻ സിദ്ധിഖും ഡി.ജി.പിക്ക് നൽകിയിരിക്കുന്നത്. സിദ്ധിഖിന് എതിരെ പരാതി ഉന്നയിച്ച നടിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളും അതിൽ ഉണ്ട്. ഇതെല്ലാം പരിശോധിച്ച് അല്ലാതെ കേസന്വേഷണവുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാൻ കഴിയുകയില്ല. ജൂനിയർ ആർട്ടിസ്റ്റുകളുടെ വെളിപ്പെടുത്തലിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന വെളിപ്പെട്ടാൽ വാദി തന്നെ പ്രതിയാകുന്ന സാഹചര്യമാണ് ഉണ്ടാകുക.
ഇപ്പോൾ പുറത്ത് വന്ന ജൂനിയർ ആർട്ടിസ്റ്റുകളുടെ പരാതി വിലയിരുത്തിയാൽ ഒഫൻസ് പഴയതും നടപടിക്രമം പുതിയതുമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും. സംവിധായകൻ രഞ്ജിത്തിന് എതിരായ പരാതിയിൽ പീഡനശ്രമം നടന്നതായി ബംഗാളി നടി പറയുന്ന കാലഘട്ടം 2009 ആണ്. ഐ.പി.സി 354 വകുപ്പ് പ്രകാരം എടുക്കുന്ന കേസിൽ ആ കാലഘട്ടത്തിലെ നിയമപ്രകാരം ജാമ്യം ലഭിക്കാവുന്ന കേസാണിത്. നിർഭയ കേസ് വന്നതോടെയാണ് ഈ വകുപ്പിൽ കൂടുതൽ കൂട്ടിച്ചേർക്കലുകൾ നടത്തി ജാമ്യമില്ലാ വകുപ്പാക്കി മാറ്റിയിരുന്നത്. പുതിയ മാറ്റങ്ങൾ വന്നെങ്കിലും പഴയ സംഭവത്തിൽ പഴയ നടപടിക്രമം പിന്തുടരേണ്ടി വരുമെന്നതിനാൽ രഞ്ജിത്തിനെ അറസ്റ്റ് ചെയ്താൽ പോലും അന്നത്തെ നിയമപ്രകാരം ജാമ്യം കൊടുക്കേണ്ടതായി വരും.
മുകേഷിന്റെ പേരിൽ മൂന്ന് സംഭവങ്ങളാണ് ആരോപണമായി വന്നിരിക്കുന്നത്. ഈ മൂന്നിലും അസ്വാഭാവികതയും ഏറെയാണ്. കോടീശ്വരൻ പരിപാടിയിലെ കാസ്റ്റിംങ് ഡയറക്ടറായ വനിത പറയുന്ന പ്രകാരം നോക്കിയാൽ തന്നെ ഒരാൾ ഒരാളെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് ക്രിമിനൽ കുറ്റമല്ല, മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടതിൽ ദുരുദ്ദേശം ഉണ്ടോ എന്നത് മുറിയിൽ ചെന്നാലേ പറയാൻ പറ്റൂ എന്നതിനാൽ ഇവർ മുകേഷിന്റെ മുറിയിൽ പോകാത്ത സ്ഥിതിക്ക് നിയമത്തിൽ കേസെടുക്കാനും വകുപ്പില്ല.
Also read: രേവതി സമ്പത്തിന് എതിരെ പൊലീസ് അന്വേഷണം, പരാതി പ്രത്യേക അന്വേഷണ സംഘത്തിന്
ഇവർക്ക് പുറമെ മുകേഷിന് എതിരെ ഗുരുതര ആരോപണമുന്നയിച്ചത് ഒരു ജൂനിയർ ആർട്ടിസ്റ്റാണ്. ഈ യുവതി 2009-ലാണ് മുകേഷിനെ പരിചയപ്പെട്ടത്. അതിനുശേഷം മുകേഷിന്റെ വീട്ടിൽ അവർ വന്നുവെന്നും അവിടെ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്നുമാണ് ഒരു പരാതി. ഇതിന് ശേഷം പിന്നീട് മറ്റൊരു സന്ദർഭത്തിൽ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മുകേഷ് മോശമായി പെരുമാറിയെന്നും ഇതേ യുവതി ആരോപിച്ചിട്ടുണ്ട്. മുകേഷ് വീട്ടിൽ വച്ച് അപമര്യാദയായി പെരുമാറിയെങ്കിൽ പിന്നെ എന്തിന് മുകേഷിനെ കാണാൻ യുവതി ഹോട്ടലിൽ പോയി എന്നതിന് എന്തായാലും ഈ പരാതിക്കാരി അന്വേഷണ സംഘത്തിന് വിശദീകരണം നൽകേണ്ടി വരും. ഇവർ അറിയുന്ന മറ്റൊരു കൂട്ടുകാരിയുടെ വീട്ടിൽ പോയി ആ സ്ത്രീയുടെ അമ്മയോടും മുകേഷ് മോശമായി പെരുമാറി എന്ന ആരോപണവും ഇതേ പരാതിക്കാരി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇവർ പറയുന്ന കൂട്ടുകാരിയുടെയും അവരുടെ അമ്മയുടെയും മൊഴി ഉണ്ടെങ്കിൽ മാത്രമേ കേസ് എടുക്കാൻ കഴിയൂ. എന്നാൽ, ഇതുവരെ ഇത്തരം ഒരു ആക്ഷേപം ഉന്നയിച്ച് അവരാരും തന്നെ രംഗത്ത് വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം തന്നെ വിശദമായി അന്വേഷിക്കുമ്പോൾ ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞത് ശരിയല്ലെങ്കിൽ അത് അവർ ഉന്നയിച്ച ആരോപണത്തിന്റെ മുനയെയാണ് ഒടിച്ചുകളയുക. തനിക്ക് എതിരെ പരാതി ഉന്നയിച്ച സ്ത്രീ ഒരു ലക്ഷം രൂപ ചോദിച്ചതിന് മുകേഷിന്റെ കൈവശം സ്‌ക്രീൻ ഷോട്ട് ഉള്ളതിനാൽ ഹണി ട്രാപ്പിന് ജൂനിയർ ആർട്ടിസ്റ്റിന് എതിരെ കേസ് വന്നാൽ പോലും അത്ഭുതപ്പെടാനില്ല.
Also read: നടിമാരുടെ മൊഴിയിൽ പൊലീസ് നട്ടംതിരിയും, തെളിവില്ലെങ്കിൽ, നമ്പി നാരായണൻ കേസ് മോഡലിൽ തിരിച്ചടിക്കും
നടൻ സിദ്ധിഖിന് എതിരായ കേസിൽ പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗകുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും ഈ കേസും പൊലീസിന് വെല്ലുവിളിയാകും. ബലാത്സംഗകുറ്റം നിൽക്കണമെങ്കിൽ ഡിസ്ചാർജ് ഉൾപ്പെടെ നടക്കുകയും രണ്ട് ഭാഗത്ത് നിന്നും ഡി.എൻ.എ ഉൾപ്പെടെ ലഭിക്കുകയും വേണം. പ്രതിയുടെ സെമൻ കിട്ടണമെന്നത് ഈ കേസിൽ നിർണ്ണായകമായ കാര്യമാണ്. അത് അന്ന് പരാതിക്കാരിയായ ജൂനിയർ ആർട്ടിസ്റ്റ് ധരിച്ച ഡ്രസ്സിൽ നിന്നെങ്കിലും ലഭിക്കണം. മാത്രമല്ല, ശാരീരിക പീഡനത്തിന് മെഡിക്കൽ റിപ്പോർട്ടും ലഭിക്കേണ്ടതുണ്ട്. സിദ്ധിഖിന് എതിരെ ആരോപിക്കപ്പെടുന്ന ഈ കുറ്റകൃത്യം നടന്ന തീയതിക്ക് കാലപഴക്കമുള്ളതിനാൽ തെളിയിക്കുക പ്രയാസമാണെന്നാണ് അഭിഭാഷകർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, അന്ന് മസ്‌ക്കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തേണ്ടതായി വരും. പീഡനത്തിന് ഇരയായെങ്കിൽ എന്തുകൊണ്ട് ഈ വിവരം അന്നുതന്നെ ഹോട്ടൽ അധികൃതരെയും പൊലീസിനെയും അറിയിച്ചില്ലെന്നതിനും വിശദീകരണം നൽകേണ്ടതായി വരും. പെൺകുട്ടി തന്നെ കാണാൻ വന്നപ്പോൾ രക്ഷിതാക്കൾ ഉണ്ടായിരുന്നു എന്ന സിദ്ധിഖിന്റെ വാദവും പരിശോധിക്കേണ്ടതായി വരും. അതായത്, പെൺകുട്ടിയുടെ രക്ഷിതാക്കളുടെ മൊഴിയും എടുക്കേണ്ടതായി വരും. പീഡനവിവരം അറിഞ്ഞിട്ടും അത് മറച്ച് വച്ചാലും ക്രിമിനൽ കുറ്റമായതിനാൽ പരാതിക്കാരിയുടെ രക്ഷിതാക്കളുടെ മൊഴിയും ഈ കേസിൽ നിർണ്ണായകമാകും.
ഏതൊരു സ്ത്രീ പരാതി നൽകിയാലും അത് ആരോടെങ്കിലും പകപോക്കാനോ സാമ്പത്തിക താൽപ്പര്യം മുൻനിർത്തിയോ ആയാൽ പോലും കേസെടുക്കുന്ന നിയമമാണ് നമുക്കുള്ളതെങ്കിലും കോടതികളിൽ കേസ് സ്റ്റാന്റ് ചെയ്യണമെങ്കിൽ തെളിവുകൾ അനിവാര്യമാണ്. അവിടെയാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയവരും പ്രതിരോധത്തിലാകാൻ പോകുന്നത്. സ്ത്രീപീഡനം തെളിയിക്കാൻ പറ്റുന്ന ഒരു തെളിവും ഇവരുടെ പക്കലില്ല എന്നതാണ് യാഥാർത്ഥ്യം. ഇവിടെ അന്വേഷണ സംഘത്തിനും പരിമിതികൾ ഏറെയാണ്. തിടുക്കപ്പെട്ട് കടുത്ത നടപടിയിലേക്ക് അന്വേഷണ സംഘം കടന്നാൽ കാലപഴക്കമുള്ള ഈ കേസുകൾ തിരിച്ചടിക്കും. അത്തരമൊരു ഘട്ടത്തിൽ, നമ്പി നാരായണൻ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നീങ്ങിയത് പോലെ കുറ്റവിമുക്തരാക്കപ്പെടുന്നവർ നീങ്ങിയാൽ പൊലീസ് ഉദ്യോഗസ്ഥരും വെട്ടിലായി പോകും. ഈ ഒരു സാഹചര്യത്തിൽ സൂക്ഷിച്ച് നീങ്ങാൻ തന്നെയാണ് പൊലീസ് ഉന്നതരും തീരുമാനിച്ചിരിക്കുന്നത്. അതേസമയം, പ്രതി ചേർക്കപ്പെട്ടവർക്കും ആരോപണ വിധേയർക്കും വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരാണ് രംഗത്തിറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ഇതും അന്വേഷണ സംഘത്തിന് പരിഗണിക്കേണ്ടതായി വരും. അന്വേഷണ സംഘത്തിന്റെ ചെറിയ വീഴ്ചകൾ പോലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ചോദ്യം ചെയ്യപ്പെടാൻ തന്നെയാണ് സാധ്യത.
Also read: സിദ്ധിഖ് കേസ് സങ്കീർണ്ണം, അന്വേഷണം ചൈനയിലേക്കും നീളും, 12 റേപ്പിസ്റ്റുകളുടെ പോസ്റ്റും ‘പൊങ്ങും’
ഈ പശ്ചാത്തലത്തിൽ പ്രതികളായി ആരോപിക്കപ്പെടുന്നവർ പറയുന്ന ഭാഗം അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചാൽ ഇപ്പോൾ ഡബ്ല്യൂസിസിയുടെ ഭാഗത്ത് നിൽക്കുന്ന രണ്ട് പ്രമുഖ സംവിധായകർ ഉൾപ്പെടെയാണ് വെട്ടിലായി പോകുക. മുകേഷിനെതിരെ പരാതി ഉന്നയിച്ച ജൂനിയർ ആർട്ടിസ്റ്റ് ഇതിൽ ഒരു സംവിധായകന്റെ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. ഇയാൾ താര സംഘടനയ്ക്ക് ബദലായി ഡബ്ല്യൂസിസി ഉണ്ടാക്കാൻ മുൻ നിരയിൽ പ്രവർത്തിച്ച ഒരു നായികാ നടിയുടെ ഭർത്താവാണ്. രണ്ടാമത്തെയാൾ, സിനിമാ മേഖലയിലെ ‘റിബലായി’ അറിയപ്പെടുന്ന സംവിധായകനാണ്. ഇയാളുടെ തിരക്കഥയിലാണ് ബംഗാളി നടി രഞ്ജിത്തിന് എതിരെ പരാതി നൽകിയതെന്ന ആക്ഷേപം സർക്കാർ കേന്ദ്രങ്ങളിലും ശക്തമാണ്. ഈ രണ്ട് സംവിധായകരുടെ പകയിൽ ‘പിറന്ന’ ‘തിരക്കഥ’ പ്രകാരമുള്ള നീക്കമാണ് പരാതികൾക്ക് പിന്നിലെ പ്രേരക ഘടകമെങ്കിൽ അതും കണ്ടെത്തണമെന്ന ഉറച്ച നിലപാട് തന്നെയാണ് സർക്കാരിനുമുള്ളത്.
EXPRESS VIEW