CMDRF

ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി എംബസ്സി

ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി എംബസ്സി
ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി എംബസ്സി

ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷസാധ്യതയുടെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാരോട് ജാ​ഗ്രത പാലിക്കാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജാ​ഗ്രത പാലിക്കാനും എംബസി ആവശ്യപ്പെട്ടു. മുൻനിര നേതാക്കളെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഹമാസും ഹിസ്ബുള്ളയും അറിയിച്ചതിന് പിന്നാലെയാണ് എംബസിയുടെ മുന്നറിയിപ്പ്.

അടിയന്തര സാഹചര്യത്തിൽ എംബസ്സിയിലെ 24*7 ഹെൽപ്‌ലൈനുമായി ബന്ധപ്പെടാം. സമൂഹ മാധ്യമമായ എക്സിലൂടെയാണ് എംബസ്സി വിവരം പങ്കുവെച്ചത്. ‘നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ഇസ്രയേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും നിർദ്ദേശിക്കുന്നു. ദയവായി ജാഗ്രത പാലിക്കുക, രാജ്യത്തിനുള്ളിലെ അനാവശ്യ യാത്രകൾ ഒഴിവാക്കുക, സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരുക. എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയും നമ്മുടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേൽ അധികാരികളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ട്.’ എംബസ്സി എക്‌സിൽ പോസ്റ്റ് ചെയ്തു.

നേരത്തെ, ഇതേ സംഘർഷസാധ്യതയുടെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ ടെൽഅവീവിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ ആ​ഗസ്റ്റ് എട്ടുവരെ എയർ ഇന്ത്യ റദ്ദുചെയ്തിരുന്നു. കാൻസലേഷൻ ചാർജില്ലാതെ ടിക്കറ്റ് തുക തിരികെനൽകും. റീബുക്കിങ്ങിനും അവസരമുണ്ട്. അതിനിടെ, പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മേഖലയില്‍ കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ച് സുരക്ഷയും പ്രതിരോധവും ഉറപ്പാക്കുമെന്ന് യു.എസ് സൈനിക ആസ്ഥാനമായ പെന്റഗണ്‍ വ്യക്തമാക്കി. ഹമാസ് നേതാവിന്റെയും ഹിസ്ബുള്ള കമാന്‍ഡറിന്റെയും കൊലപാതകത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന ഇറാന്റെയും പ്രാദേശിക സംഘങ്ങളുടെയും ഭീഷണിക്ക് പിന്നാലെയാണിത്.

ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമായി വന്നാൽ +972-547520711, +972-543278392 എന്ന നമ്പറുകളിൽ പൗരന്മാർക്ക് ബന്ധപ്പെടാം. അതിനായുള്ള ഫോൺ നമ്പറും ഈ-മെയിൽ ഐഡിയും cons1.telaviv@mea.gov.in. ഇന്ത്യൻ എംബസ്സി പങ്കുവെച്ചു. എംബസിയിൽ ഇനിയും രജിസ്റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർക്ക് രജിസ്റ്റർ ചെയ്യുന്നതിനായുള്ള ഓൺലൈൻ ലിങ്കും എംബസ്സി പങ്കുവെച്ചിട്ടുണ്ട്. ഒന്നിലധികം ഭാഷയിലാണ് ജാ​ഗ്രതാ നിർദേശം പങ്കുവെച്ചത്.

Top