CMDRF

ക്യാമ്പിലുള്ളവര്‍ക്ക് അടിയന്തര ധനസഹായം ഉടന്‍: കെ രാജന്‍

ക്യാമ്പിലുള്ളവര്‍ക്ക് അടിയന്തര ധനസഹായം ഉടന്‍: കെ രാജന്‍
ക്യാമ്പിലുള്ളവര്‍ക്ക് അടിയന്തര ധനസഹായം ഉടന്‍: കെ രാജന്‍

കല്‍പ്പറ്റ: ദുരിത ബാധിതരുടെ താല്‍കാലിക പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജന്‍. ബന്ധുവീടുകളിലേക്ക് പോകുന്നവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കും. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പുനരധിവാസം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

ക്യാമ്പിലുള്ളവര്‍ക്ക് അടിയന്തര ധനസഹായം ഉടന്‍ കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. പണം കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൃത്യമായ കണക്കെടുത്ത് ആളുകളുടെ അക്കൗണ്ട് നമ്പര്‍ അടക്കം ശേഖരിച്ച ശേഷം പണം കൈമാറുമെന്നും മന്ത്രി പറഞ്ഞു.

വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ മേഖലയിലേക്ക് സജീവമായിട്ടുള്ള സംഘത്തെ അയക്കുമെന്നും മന്ത്രി അറിയിച്ചു. ‘നേരത്തെ മന്ത്രി സംഘം മേഖല സന്ദര്‍ശിച്ചിരുന്നു. വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചേര്‍ത്തുപിടിക്കുക എന്നത് തന്നെയാണ് ലക്ഷ്യം. വിലങ്ങാടിന് വേണ്ടി പ്രത്യേകമായ ആലോചന സര്‍ക്കാര്‍ നടത്തും. വിലങ്ങാട് പ്രത്യേകം പരിഗണനയിലുണ്ടാകും.’

വയനാട് ജില്ല നേരിടുന്ന ടൂറിസം പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര യോഗം ചേര്‍ന്നെന്നും മന്ത്രി പറഞ്ഞു. ദുരന്ത ബാധിത മേഖലകളിലേക്ക് ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് സന്ദര്‍ശകരെ അനുവദിക്കുമെന്നും കെ രാജന്‍ വ്യക്തമാക്കി.

‘തോട്ടങ്ങളില്‍ ഉള്ളവര്‍ക്ക് ക്വാര്‍ട്ടേഴ്‌സുകള്‍ ഒരുക്കാമെന്ന് ഹാരിസണ്‍ മലയാളം അറിയിച്ചിട്ടുണ്ട്. മനുഷ്യര്‍ക്ക് വിശാലമായ മനസാണ്. ദുരിതാശ്വാസ നിധിയിലേക്ക് നിരവധി ആളുകള്‍ പണം കൈമാറുന്നു. നമ്മള്‍ തോല്‍ക്കില്ല, തോല്‍ക്കുന്ന ജനതയല്ല നമ്മുടേത്. ഇന്നലെ ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ അവിടെയുണ്ടായിരുന്ന സുഹൃത്ത് 15 സെന്റ് സ്ഥലം സര്‍ക്കാരിന് നല്‍കി’, മന്ത്രി വ്യക്തമാക്കി.

Top