തിരുവനന്തപുരം: സ്‌കൂളുകളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ സ്‌കൂളുകള്‍ക്കും പി.ടി.എ.യ്ക്കും അനുമതി നല്‍കിയത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സിക്ക് മികച്ച വിജയമാണ് സംസ്ഥാനത്ത് ഉണ്ടാകാറുള്ളത്. ഇതുമായി ബന്ധപ്പെട്ട അധിക ബാച്ചുകളും സീറ്റുകളുടെ മാര്‍ജിനല്‍ വര്‍ദ്ധനവും നേരത്തെ തന്നെ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് സ്വാഭാവികമായ കാലതാമസം ഉണ്ടാകാറുണ്ട്. അതുകൊണ്ട് പഠന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ താല്‍ക്കാലിക നിയമനങ്ങള്‍ അടിയന്തര സാഹചര്യങ്ങളില്‍ നടത്തേണ്ടി വരാറുണ്ട്.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 30,273 നിയമനങ്ങളാണ് നടത്തിയത്. ഇത് സമീപകാല കേരള ചരിത്രത്തില്‍ തന്നെ ആദ്യമാണ്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനങ്ങള്‍ തന്നെയാണ് സര്‍ക്കാരിന്റെ ആദ്യ പരിഗണന. എന്നാല്‍ വേണ്ടത്ര മനുഷ്യ വിഭവശേഷി ലഭ്യമാകാതെ ഇരിക്കുന്ന സാഹചര്യത്തില്‍ മറ്റ് വഴികള്‍ തേടേണ്ടി വരും. ഒരു അധ്യയന വര്‍ഷം മുഴുവന്‍ പഠിപ്പിക്കാന്‍ അധ്യാപകരെ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. ഇക്കാര്യം വിമര്‍ശനം ഉന്നയിക്കുന്നവര്‍ മനസ്സിലാക്കണമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.