ചില്ലറ വ്യാപാര മേഖലയിൽ തൊഴിലവസരം കുറയുന്നതായി റിപ്പോർട്ട്

ചില്ലറ വ്യാപാര മേഖലയിൽ തൊഴിലവസരം കുറയുന്നതായി റിപ്പോർട്ട്
ചില്ലറ വ്യാപാര മേഖലയിൽ തൊഴിലവസരം കുറയുന്നതായി റിപ്പോർട്ട്

ലൈഫ്സ്റ്റൈല്‍, പല ചരക്ക് സാധനങ്ങള്‍, ക്വിക് സര്‍വീസ് റെസ്റ്റോറന്‍റുകള്‍… ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ചില്ലറ വ്യാപാര മേഖലയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ അത്ര ശുഭകരമല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഈ മേഖലയിലെ പ്രധാന കമ്പനികളില്‍ 26,000 തൊഴിലവസരങ്ങള്‍ കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്‍കുന്നത് ചില്ലറ വ്യാപാര മേഖലയാണ്. റിലയന്‍സ് റീട്ടെയില്‍, ടൈറ്റന്‍, റെയ്മണ്ട്, പേജ് ഇ്ന്‍ഡസ്ട്രീസ്, സ്പെന്‍സേഴ്സ് എന്നീ വന്‍കിട കമ്പനികളില്‍ മാത്രം ആകെ 52,000 തൊഴിലവസരങ്ങള്‍ ഇല്ലാതായി. ഈ കമ്പനികളുടെ ആകെ ജോലിക്കാരുടെ 17 ശതമാനം വരുമിത്. ആകെ 4.55 ലക്ഷം പേരാണ് ഈ കമ്പനികളില്‍ ജോലി ചെയ്തിരുന്നത്. ഇത് 4.29 ലക്ഷമായാണ് കുറഞ്ഞത്.

2022 മുതല്‍ രാജ്യത്ത് ചില്ലറ വ്യാപാര മേഖലയിലെ ചില വിഭാഗങ്ങളില്‍ വില്‍പന കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. ഉദാഹരണത്തിന് അവശ്യ സാധനങ്ങളല്ലാത്ത ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്സ് സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് ആളുകള്‍ പണം ചെലവഴിക്കുന്നത് കുറഞ്ഞിട്ടുണ്ട്. ഈ മേഖലയിലെ വിലക്കയറ്റവും, പലിശ നിരക്കിലെ വര്‍ധനയും, സ്റ്റാര്‍ട്ടപ്പ്, ഐടി മേഖലകളിലെ ജോലി നഷ്ടവും ആണ് പണം ചെലവാക്കുന്നത് കുറഞ്ഞതിന്‍റെ കാരണം.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ചില്ലറ വ്യാപാര മേഖലയില്‍ പുതിയ സ്റ്റോറുകള്‍ ആരംഭിക്കുന്നതിലെ വളര്‍ച്ച 9 ശതമാനം മാത്രമാണ്. 2023ല്‍ ആകെ 7.1 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റോറുകളാണ് രാജ്യത്തെ 8 പ്രധാനപ്പെട്ട നഗരങ്ങളിലുണ്ടായിരുന്നത്. ഇത് 2024 ആകുമ്പോഴേക്കും 6 മുതല്‍ 6.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമായി കുറയുമെന്നാണ് വിലയിരുത്തല്‍.

Top