യു.എസ് ഇസ്രയേലിന് നൽകുന്ന സഹായങ്ങൾ അവസാനിപ്പിക്കണം; ചിക്കാഗോ ഡി.എൻ.സി സെന്ററിന് മുന്നിൽ പ്രതിഷേധം

യു.എസ് ഇസ്രയേലിന് നൽകുന്ന സഹായങ്ങൾ അവസാനിപ്പിക്കണം; ചിക്കാഗോ ഡി.എൻ.സി സെന്ററിന് മുന്നിൽ പ്രതിഷേധം
യു.എസ് ഇസ്രയേലിന് നൽകുന്ന സഹായങ്ങൾ അവസാനിപ്പിക്കണം; ചിക്കാഗോ ഡി.എൻ.സി സെന്ററിന് മുന്നിൽ പ്രതിഷേധം

ചിക്കാഗോ: ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷൻ്റെ ഉദ്ഘാടന ദിനത്തിൽ ഗാസ വംശഹത്യക്കെതിരെ പ്രതിഷേധവുമായി അണിനിരന്നത് ആയിരങ്ങളാണ്. പലസ്തീൻ വംശഹത്യക്കായി യു.എസ് ഇസ്രയേലിന് നൽകിവരുന്ന സഹായങ്ങൾ അവസാനിപ്പിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ചിക്കാഗോയിലെ യൂണിയൻ പാർക്കിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി.

ഗാസക്ക് വേണ്ടി പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞയാഴ്ച പൊലീസ് സൂപ്രണ്ട് ലാറി സ്‌നെല്ലിങ് ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസിന്റെ പലസ്തീൻ വിരുദ്ധ മനോഭാവത്തിൽ കൺവെൻഷൻ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ അറസ്റ്റ് ഭീഷണികൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും ജൂത വോയ്സ് ഫോർ പീസ് ഉൾപ്പടെയുള്ള ഗ്രൂപ്പുകളെ പിന്തിരിപ്പിച്ചില്ല. നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥർ തെരുവിൽ അണിനിരന്നപ്പോളും കൺവെൻഷൻ നടക്കുന്ന യുണൈറ്റഡ് സെൻ്ററിന് സമീപമുള്ള പാർക്കിനരികിലെ പാതയിലൂടെ പ്രതിഷേധക്കാർ മാർച്ച് നടത്തി.

‘ബൈഡൻ നിങ്ങൾക്ക് ഒളിച്ചിരിക്കാൻ സാധിക്കില്ല. നിങ്ങളുടെ മേൽ ഞങ്ങൾ വംശഹത്യാക്കുറ്റം ചുമത്തുന്നു, ഹാരിസ് നിങ്ങൾക്ക് ഒളിച്ചിരിക്കാൻ കഴിയില്ല നിങ്ങളുടെ മേൽ ഞങ്ങൾ വംശഹത്യകുറ്റം ചുമത്തുന്നു’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പതിനായിരങ്ങൾ പ്രതിഷേധിച്ചത്.
‘ഈ രാജ്യത്തെ ഭരണകൂടത്തോട് ഞങ്ങൾ എന്താണ് ആവശ്യപ്പെടുന്നത്. എന്നാൽ അവർ എന്താണ് ചെയ്യുന്നത്. രണ്ടും തമ്മിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ട്. ഞങ്ങൾക്ക് ഈ ഭരണകൂടത്തിന്റെ ചെയ്തികളോട് വെറുപ്പാണ്,’ പ്രതിഷേധക്കാർ പറഞ്ഞു.

ഗാസയിലെ വംശഹത്യയെ അനുകൂലിക്കുന്ന ഭരണകൂടത്തിനെതിരെ ഫ്രീഡം റോഡ് സോഷ്യലിസ്റ്റ് ഓർഗനൈസേഷൻ്റെ സംഘാടകനായ ടെയ്‌ലർ കുക്ക് രൂക്ഷമായി പ്രതികരിച്ചു.‘ ബൈഡൻ മാത്രമല്ല അതിനുത്തരവാദി. കമലയും ഇതിന് കാരണക്കാരിയാണ്. അവർ വൈസ് പ്രസിഡന്റ് ആണ്. അവർക്കും ഇതിൽ തുല്യ പങ്കാളിത്തമുണ്ട്. ഞങ്ങളുടെ വോട്ട് നിങ്ങൾക്ക് വേണമെങ്കിൽ ഈ വംശഹത്യ നിർത്തണം,’ അദ്ദേഹം പറഞ്ഞു.

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 40,000 ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തിൽ 92,401 പേർക്ക് പരിക്കേൽക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ താമസം മാറേണ്ട അവസ്ഥ വരികയും ചെയ്തതായി ഗാസ ആരോഗ്യമന്ത്രാലയം പറഞ്ഞു.

Top