തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ കീം(KEAM) എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷകൾ ഓൺലൈനായി നടത്തും. ജൂൺ അഞ്ചു മുതൽ ഒമ്പതു വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍/സ്വാശ്രയ/ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും ഡല്‍ഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക.
1,13,447 വിദ്യാർഥികള്‍ പരീക്ഷയെഴുതും. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് ഓൺലൈൻ പരീക്ഷക്കുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു പരീക്ഷാ കേന്ദ്രത്തിൽ ഒരേ സമയം പരമാവധി 126 കുട്ടികൾക്ക് വരെ പരീക്ഷ എഴുതാം. എല്ലാ കേന്ദ്രങ്ങളിലും കരുതൽ കമ്പ്യൂട്ടറുകളും ഒരുക്കിയിട്ടുണ്ട്.
പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിൽ പരീക്ഷ നടത്തിപ്പിനായി പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നു കഴിഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഓൺലൈൻ പരീക്ഷ നടത്തുന്നത്.
പരീക്ഷക്ക് തയാറാക്കിയ സോഫ്റ്റ്‌വെയറും അനുബന്ധ ഉപകരണങ്ങളുടെ പ്രവർത്തനവും വിലയിരുത്താൻ മേയ് 24ന് മോക് ടെസ്റ്റും 25ന് ട്രയല്‍ പരീക്ഷയും പൂർത്തിയാക്കി. ഏതെങ്കിലും സാഹചര്യത്തില്‍ ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നാൽ ആ പരീക്ഷ ജൂൺ 10ന് നടത്തുന്ന രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.