ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസ താരം ഗ്രഹാം തോര്‍പ്പ് അന്തരിച്ചു. 55 വയസ്സായിരുന്നു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് മരണവിവരം പുറത്തുവിട്ടത്.
ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1993നും 2005നും ഇടയില്‍ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇടങ്കൈയന്‍ ബാറ്ററായ താരം 16 സെഞ്ച്വറികള്‍ ഉള്‍പ്പെടെ ടെസ്റ്റില്‍ 6,744 റണ്‍സാണ് നേടിയത്. 44.66 ആണ് ശരാശരി. കൗണ്ടി ടീം സറേയുടെ താരമായിരുന്ന തോര്‍പ്പ് തന്റെ തലമുറയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് കളിക്കാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ പല വിജയങ്ങളിലും താരം നിര്‍ണായക പങ്ക് വഹിച്ചു.
ഗ്രഹാമിന്റെ വിയോഗം വിവരിക്കാന്‍ ഉചിതമായ വാക്കുകളില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.