CMDRF

ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്
ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

മാഞ്ചസ്റ്റർ: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. മാഞ്ചസ്റ്ററിൽ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തിട്ടുണ്ട് ഇംഗ്ലണ്ട്. 72 റൺസുമായി പുറത്താവാതെ നിൽക്കുന്ന ജാമീ സ്മിത്താണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. 23 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ട് ആതിഥയേർക്ക്. മൂന്ന് വിക്കറ്റ് നേടിയ അശിത ഫെർണാണ്ടോയാണ് ഇംഗ്ലണ്ടിനെ തകർത്തത്. പ്രഭാത് ജയസൂര്യ രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സിൽ 236ന് പുറത്തായിരുന്നു.

മോശമായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. 67 റൺസിന് മൂന്ന് വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി. ബെൻ ഡക്കറ്റ് (18), ഒല്ലി പോപ്പ് (6), ഡാനിയേൽ ലോറൻസ് (30) എന്നിവർ തുടക്കത്തിൽ മടങ്ങി. ഡക്കറ്റിനെ അശിത വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ, പോപ്പിനെ ബൗൾഡാക്കുകയും ചെയ്തു. ഡാനിയേലിനെ വിശ്വ ഫെർണാണ്ടോയും മടക്കി. പിന്നാലെ ജോ റൂട്ട് (42) – ഹാരി ബ്രൂക്ക് (56) എന്നിവർ 68 റൺസ് കൂട്ടിചേർത്തു. എന്നാൽ റൂട്ടിനെ പുറത്താക്കി അശിത ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നീട് ക്രീസിലെത്തിയ സ്മിത്തിനൊപ്പം 52 റൺസ് കൂട്ടിചേർക്കാനും ബ്രൂക്കിനായി. നാല് ഫോറുകൾ ഉൾപ്പെടുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിംഗ്. തുടർന്നെത്തിയ ക്രിസ് വോക്‌സ് (25) നിർണായ സംഭാവന നൽകി. സ്മിത്ത് – വോക്‌സ് സഖ്യം 52 റൺസ് ചേർത്തു. തുടർന്ന് ക്രീസിലെത്തിയ ഗസ് അറ്റ്കിൻസൺ (4) വിക്കറ്റ് പോവാതെ കാത്തു. സ്മിത്ത് ഒരു സിക്‌സും അഞ്ച് ഫോറും നേടി.

നേരത്തെ, ധനഞ്ജയ ഡി സിൽവയുടെ (74), മിലൻ രത്‌നായകെ (72) എന്നിവരുടെ ഇന്നിംഗ്‌സാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒമ്പതാമനായി ക്രീസിലിറങ്ങിയ മിലൻ രത്‌നായകെ ഒരു റെക്കോർഡും സ്വന്തം പേരിലാക്കിയിരുന്നു. ടെസ്റ്റിൽ ഒമ്പതാം നമ്പറിൽ ഇറങ്ങി ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടിയ ഇന്ത്യൻ താരം ബൽവീന്ദർ സിംഗ് സന്ധുവിന്റെ റെക്കോർഡാണ് മിലൻ രത്‌നായകെ മറികടന്നത്. 1983ൽ ഹൈദരാബാദിൽ പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റിലായിരുന്നു ബൽവീന്ദർ സിംഗ് സന്ധു 71 റൺസടിച്ച് റെക്കോർഡിട്ടത്.

Top