ഗെല്‍സന്‍കിര്‍ഹന്‍: 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം. സെര്‍ബിയയ്ക്കെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. യുവ സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലീഷ് പടയുടെ വിജയഗോള്‍ നേടിയത്. ആക്രമണത്തോടെ തുടങ്ങിയ ഇംഗ്ലണ്ട് 13-ാം മിനിറ്റില്‍ തന്നെ വലകുലുക്കി. ബുകായോ സാക നല്‍കിയ കിടിലന്‍ ക്രോസ് സെര്‍ബിയന്‍ ഡിഫന്‍ഡര്‍ മിലെകോവിച്ച് ക്ലിയര്‍ ചെയ്യും മുന്‍പ് ബെല്ലിങ്ഹാം കണക്ട് ചെയ്തു. തകര്‍പ്പന്‍ ഹെഡറിലൂടെ ഗോളി റാകോവിച്ചിനെയും മറികടന്ന് ബെല്ലിങ്ഹാം പന്ത് വലയിലെത്തിച്ചു.
ആദ്യ നിമിഷം തന്നെ ലീഡെടുത്ത ഇംഗ്ലീഷ് പട ഗോളുകള്‍ നേടികൂട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും സെര്‍ബിയ കൃത്യമായ കണക്കുകൂട്ടലുകളോടെ ആദ്യ പകുതി വരുതിയിലാക്കി. ഇംഗ്ലീഷ് ആധിപത്യം തുടരാന്‍ സെര്‍ബിയ അനുവദിക്കാതിരുന്നതോടെ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. സൂപ്പര്‍ താരം ഹാരി കെയ്നെ കൃത്യമായി പൂട്ടാന്‍ സെര്‍ബിയന്‍ ഡിഫന്‍സിന് സാധിച്ചു. ബെല്ലിങ്ഹാമും കൈല്‍ വാക്കറും ഗോള്‍മുഖത്തേക്ക് മുന്നേറിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
എന്നാല്‍ ഇംഗ്ലണ്ടിന്റെ ഗോളിന് മറുപടി നല്‍കാന്‍ സെര്‍ബിയയ്ക്ക് സാധിച്ചതുമില്ല. ആദ്യപകുതി അവസാനിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് സെര്‍ബിയന്‍ ക്യാപ്റ്റന്‍ അലക്സാണ്ടര്‍ മിട്രോവിച്ചിന് മികച്ച അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി. രണ്ടാം പകുതിയില്‍ അടിമുടി മാറിയ സെര്‍ബിയയെയാണ് കാണാനായത്. മൂന്ന് സ്ട്രൈക്കര്‍മാരുമായി ഇറങ്ങിയ സെര്‍ബിയ സമനില ഗോളിനായി ആക്രമണം കടുപ്പിച്ചു. എന്നാല്‍ ശക്തമായ ഡിഫന്‍സിനെ തകര്‍ക്കാന്‍ സെര്‍ബിയയ്ക്ക് സാധിക്കാതിരുന്നതോടെ വിജയം ഇംഗ്ലണ്ടിനൊപ്പമായി.