വരാനിരിക്കുന്ന മഴക്കാലത്തിന് മുന്നോടിയായി മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) പൊതുജനങ്ങൾക്ക് നിർദേശം നൽകി. വൈദ്യുത സംവിധാനങ്ങളുടെ പരിശോധനയും അറ്റകുറ്റപ്പണിയും നടത്തണം. എല്ലാ ഇലക്ട്രിക്കൽ കണക്ഷനുകളും പാനലുകളും മീറ്റർ ബോക്സുകളും വാട്ടർപ്രൂഫും ശരിയായി ഇൻസുലേറ്റ് ചെയ്തതുമാണെന്ന് ഉറപ്പുവരുത്തണം.
യോഗ്യതയുള്ള ഇലക്ട്രീഷ്യനെ മാത്രമേ വൈദ്യുത സംബന്ധമായ ജോലികൾ നിയോഗിക്കാവൂ. വൈദ്യുത പാനലുകൾ സുരക്ഷിതമായി അടയ്ക്കുക, വൈദ്യുതി മീറ്ററിന്റെ ഗ്ലാസ് കവർ പൊട്ടിയാൽ ഉടൻ പുനസ്ഥാപിക്കുക, മേൽക്കൂരയിലെ വൈദ്യുത ചാലകങ്ങളിലെ തുറസ്സുകൾ അടയ്ക്കുക, എർത്തിങ് കേബിളുകൾ പരിശോധിച്ച് സുസ്ഥിരമാണെന്ന് ഉറപ്പാക്കുക എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ വൈദ്യുതി വിതരണം ഉറപ്പാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മഴക്കാലത്തെ സുരക്ഷാ നിർദ്ദേശങ്ങൾ ദേവയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും വെബ്സൈറ്റിലൂടെയും ലഭ്യമാണ്. 991 എന്ന നമ്പരിൽ ബന്ധപ്പെട്ടുകൊണ്ട് സാങ്കേതിക അപകടങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതുമാണ്.