കുവൈത്ത് സിറ്റി: രാജ്യത്ത് രണ്ടു ദിവസമായി അനുഭവപ്പെടുന്ന ചാറ്റൽ മഴ താപനിലയിൽ ഇടിവുണ്ടാക്കി. ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച മഴ ഇടവേളകളോടെ ഞായറാഴ്ച പുലർച്ചവരെ നീണ്ടു. വ്യാഴാഴ്ച മുതൽ രാജ്യത്ത് മഴ അനുഭവപ്പെട്ടു വരുന്നുണ്ട്. ശനിയാഴ്ച പകൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു.
ശനിയാഴ്ച പകൽ ഉയർന്ന താപനില ശരാശരി 23 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. ഇത് തണുപ്പാർന്ന അന്തരീക്ഷത്തിന് കാരണമായി. രാത്രി താപനില വീണ്ടും കുറഞ്ഞു. ആളുകൾ കുടയും തണുപ്പ് പ്രതിരോധ വസ്ത്രങ്ങളും ഉപയോഗിച്ചാണ് പുറത്തിറങ്ങിയത്.
Also Read: എമർജൻസി ലൈനുകളുടെ ദുരുപയോഗം; കനത്ത പിഴ നൽകേണ്ടി വരും
കാലാവസ്ഥ തണുപ്പിലേക്ക് മാറുന്നതിന്റെ മുന്നോടിയായാണ് മഴയെ കണക്കാക്കുന്നത്. വരും ദിവസങ്ങളിൽ തണുപ്പിന്റെ കാഠിന്യം കൂടും. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുക.
തണുപ്പിനൊപ്പം മഞ്ഞും ശക്തമായ കാറ്റിന്റെ സാന്നിധ്യവും ഉണ്ടാകും. മൂടൽമഞ്ഞ് പരക്കുന്നതിനാൽ ദൃശ്യപരതയും കുറയും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മിത ശീതോഷ്ണമായിരിക്കും. പിന്നീട് വീണ്ടും കനത്ത ചൂടിലേക്ക് കടക്കും.