CMDRF

‘എന്തരോ മഹാനുഭാവുലു’ റീമാസ്റ്റേര്‍ഡ് വീഡിയോ എത്തി

‘എന്തരോ മഹാനുഭാവുലു’ റീമാസ്റ്റേര്‍ഡ് വീഡിയോ എത്തി
‘എന്തരോ മഹാനുഭാവുലു’ റീമാസ്റ്റേര്‍ഡ് വീഡിയോ എത്തി

പാട്ട് കൊണ്ടും ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ കൊണ്ടും വിദ്യസാഗര്‍ മാജിക് തീര്‍ത്ത ചിത്രം ദേവദൂതന്‍ റീ റിലീസിന് ഒരുങ്ങുകയാണ്. 24 വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമയിലെ ഓരോ ഗാനവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിത്രം അടുത്ത ദിവസം റീ റിലീസ് ചെയ്യുമ്പോള്‍, അതിന് മുന്നോടിയായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. എന്തരോ മഹാനുഭാവലൂ എന്ന് ആരംഭിക്കുന്ന പ്രശസ്ത ഗാനത്തിന്റെ റീമാസ്റ്റേര്‍ഡ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

ഒരു കാലത്ത് ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട, അണ്ടര്‍ റേറ്റഡ് വിഭാഗത്തിലേക്ക് നീക്കപ്പെട്ട ചിത്രത്തിനായി ഇന്ന് കാത്തിരിക്കുന്നത് നിരവധി പേരാണ്. 2000ത്തില്‍ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് ദേവദൂതന്‍. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സന്തോഷ് സി തുണ്ടില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍ ആണ്. കെ ജെ യേശുദാസ്, എം. ജയചന്ദ്രന്‍, എം ജി ശ്രീകുമാര്‍, കെ എസ്.ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം,മികച്ച സംഗീത സംവിധാനം എന്നിവ ഉള്‍പ്പടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രത്തെ അതിന്റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

Top