ദോഹ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പുൽമേടുകളും പരിസ്ഥിതി ലോലമേഖലകളും വേലികെട്ടി സുരക്ഷിതമാക്കി അധികൃതർ. ഖത്തർ പരിസ്ഥിതി -കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിലാണ് രാജ്യത്തെ 38 പുൽത്തകിടികളെ സംരക്ഷിത കേന്ദ്രങ്ങളാക്കിയത്. ഖത്തരി മരുഭൂ പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് ഈ ദൗത്യം.
ഹരിത മേഖലകളും പുൽത്തകിടികളുമെല്ലാം നശിച്ച് മരുഭൂമിയായി മാറുന്നത് തടയുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മന്ത്രാലയത്തിനു കീഴിലെ വൈൽഡ് ലൈഫ് ഡെവലപ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അഞ്ചു വർഷത്തിനുള്ളിൽ 150ഓളം പുൽമേടുകൾ വേലികെട്ടി സംരക്ഷിത കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതി. രാജ്യത്തിന്റെ പരിസ്ഥിതിയും, കാടും ചെടികളുമെല്ലാം ഇതുവഴി സംരക്ഷിക്കുകയും വന്യജീവികളുടെയും പക്ഷികളുടെയും ആവാസ വ്യവസ്ഥ നിലനിർത്തുകയും ചെയ്യും.
അപൂർവ ഇനം ചെടികളും പുല്ലുകളും ഉൾപ്പെടുന്ന നിരവധി പുൽത്തകിടികൾ ഇതിനകം വീണ്ടെടുക്കുകയും വിജയകരമായി സംരക്ഷിക്കുകയും ചെയ്തതായി വൈൽഡ് ലൈഫ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ മുഹമ്മദ് അഹ്മദ് അൽ കാഞ്ചി അറിയിച്ചു. രാജ്യത്തിന്റെ പ്രകൃതി സംരക്ഷണമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വേലികൾ കെട്ടുന്നതിലൂടെ പുൽമേടുകളിൽ വാഹനങ്ങൾ അതിക്രമിച്ചു കടക്കൽ, ഒട്ടകങ്ങളുടെ മേച്ചിൽ, മനുഷ്യരുടെ പ്രവേശനം എന്നിവ തടയാൻ സാധിക്കും