കൊച്ചി: പ്രകൃതിദുരന്തങ്ങളെക്കുറിച്ച് വിശദമായ പഠനം വേണമെന്ന് നിരീക്ഷിച്ച ഹൈക്കോടതി സമഗ്രമായ പഠനത്തിനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. രഞ്ജിത് തമ്പാനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. കേരളത്തിൻറെ സമഗ്രമായ ജിയോ മാപ്പിങ് തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഏതൊക്കെ പ്രദേശങ്ങളാണ് ഇക്കോളജിക്കലി സെൻസിറ്റീവ് എന്ന് പഠിക്കണം. സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു.
ഓരോ ജില്ലയിലും പാരിസ്ഥിതിക പഠനം വേണം. ക്വാറികൾക്കും മറ്റും അനുമതി നൽകേണ്ടത് ഇതിന്റെ അടിസ്ഥാനത്തിൽ ആവണമെന്നും കോടതി നിർദേശിച്ചു. പരിസ്ഥിതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം വേണം. വകുപ്പുകൾ തമ്മിൽ ഏകോപനം വേണമെന്നും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാവണമെന്നും കോടതി നിർദേശിച്ചു. എല്ലാ വെള്ളിയാഴ്ചയും വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് എടുത്ത കേസ് കോടതി പരിഗണിക്കും. സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി തുടങ്ങിയവരെ കക്ഷി ചേർത്തു.