കണ്ണൂർ: പയ്യാമ്പലത്ത് നടക്കുന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പങ്കെടുത്തില്ല. പുഷ്പ്പാർച്ചനയിൽ പങ്കെടുക്കുമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ പത്രകുറിപ്പുണ്ടായിരുന്നതെങ്കിലും പാർട്ടി പരിപാടിയിൽ പങ്കെടുക്കാതെ മാറി നിന്നു.
എന്നാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇതിന് ആയുർവേദ ചികിത്സ നടക്കുന്നതായും ഇ പി ജയരാജൻ പാർട്ടിയെ അറിയിച്ചിരുന്നു. ആരോഗ്യപ്രശ്നം കാരണമാണ് പങ്കെടുക്കാത്തതെന്നാണ് ഇ പിയുടെ വിശദീകരണം. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിലാണ് പരിപാടി നടക്കുന്നത്. അതേസമയം എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി കടുത്ത അതൃപ്തിയിലാണ്. അതിന് ശേഷം പാർട്ടി പരിപാടികളിൽ പങ്കെടുക്കാനോ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാനോ ഇ പി തയ്യാറായിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകരെ ഒഴിവാക്കിയ ഇ പി, എന്തെങ്കിലും പറയാനുണ്ടെങ്കിൽ അറിയിക്കാമെന്നും പറഞ്ഞിരുന്നു.
ഇ പി ജയരാജന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം പാർട്ടി നേതൃത്വത്തെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ഈ ആരോപണം ഉയർന്നത്. രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ലെന്നായിരുന്നു ഇ പി ഇതിനോട് പ്രതികരിച്ചത്. ഇ പിയെ കണ്ടിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി. ഇതിനിടെ രാജീവിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റിന്റെ ജീവനക്കാരും ഇ പിയുടെ കുടുംബവും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നു. ഇതോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിലായി. ഇതിനിടയിലായിരുന്നു ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത വന്നത്. ഇ പി ഇത് സമ്മതിക്കുക കൂടി ചെയ്തതോടെ പാർട്ടി കടുത്ത നടപടിയിലേക്ക് എത്തുകയായിരുന്നു.