കണ്ണൂർ രാഷ്ട്രീയത്തിൽ കൊണ്ടും കൊടുത്തും മുന്നണി വളർത്തിയതിൽ പ്രധാന പങ്കുവഹിച്ച ഇപി ജയരാജൻ എന്ന കമ്മ്യൂണിസ്റ്റ്ക്കാരൻ. പാർട്ടിക്കകത്ത് മാത്രമല്ല പുറത്തും ഇപിയുടെ വ്യക്തിത്വം എന്നും പ്രായോഗിക രാഷ്ട്രീയത്തിനൊപ്പമായിരുന്നു. മുന്നണിയിലെ ഓരോ കരുക്കളും വ്യക്തതയോടെ മുന്നോട്ട് നീക്കുന്ന ഒരു പദവി സ്വീകരിച്ചാണ് കൺവീനർ സ്ഥാനത്തേക്ക് ഇപി ചുവടുവെച്ചത്. എന്നാൽ മുന്നണിക്കോ, മുതിർന്ന നേതാക്കൾക്കോ അനുനയിപ്പിക്കാൻ സാധിക്കാത്ത കുഴിയിൽ വീണ ഇപിയുടെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ കറുത്ത ഏടായിരുന്നു പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണേണ്ടി വരും, പല ചർച്ചകളും നടത്തേണ്ടി വരും, എന്നാൽ അതൊക്കെ ഇത്ര പ്രശ്നമാക്കാനുണ്ടോ എന്നായിരുന്നു പലരുടെയും ചോദ്യം. എന്നാൽ അത്തരമൊരു കൂടികാഴ്ച തെറിപ്പിച്ചത് തലപ്പൊക്കമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകന്റെ എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് വിവാദങ്ങൾ ആളിക്കത്തി തുടങ്ങിയത്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ ഇ പി ജയരാജൻ്റെ ബിജെപി പ്രവേശന ചർച്ചകളിൽ വിവാദങ്ങളും , പ്രതിവാദങ്ങളും ആളിക്കത്തി. ശരിയാണെന്നും, തെറ്റാണെന്നുമുള്ള വാക്ക്പോരുകൾ മുറുകി തുടങ്ങി. തെളിവുകളും, ആരോപണങ്ങളും ഉയർന്നു. വോട്ടെടുപ്പിന്റെ തലേ ദിവസം കെപിസിസി അധ്യക്ഷനും കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ ഒരു തിരികൊളുത്തി. ഇടതുമുന്നണി കൺവീനറും , മുതിർന്ന സിപിഎം നേതാവുമായ ഇ.പി. ജയരാജൻ ബിജെപിയിലേക്കു പോകാൻ ചർച്ച നടത്തിയെന്ന്. സുധാകരന്റെ ഏറ് കൊള്ളേണ്ടടുത്ത് തന്നെ കൊണ്ടു. ഇ.പിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഗൾഫിൽവച്ച് ചർച്ച നടന്നുവെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ.
എന്നാൽ ആരോപണം ഇപി നിഷ്പക്ഷം തള്ളി. കെ സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇപി പറഞ്ഞു. കൂടാതെ തനിക്കിട്ടെറിഞ്ഞ അമ്പ് തിരിച്ച് സുധാകരന് നേരെ വെയ്ക്കാനും ഇപി മറന്നില്ല. അമിത് ഷായുമായും ബിജെപി നേതാക്കളുമായും ബന്ധപ്പെടാനുള്ള നടപടികൾ സ്വീകരിച്ചതായി നേരത്തെ സുധാകരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ പൊരുതിയ ആളാണ്, അതുകൊണ്ട് തന്നെ ബിജെപിയിലേക്ക് പോകണ്ട ആവശ്യം തനിക്കില്ലെന്ന് തറപ്പിച്ചുകൊണ്ട് ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അദ്ദേഹം ഒന്നുകൂടി ഓർമിപ്പിച്ചു. ഇപിയെ ന്യായീകരിച്ചെത്തിയ ദല്ലാൾ ടി.പി. നന്ദകുമാർ ഇ.പി. ജയരാജനെ സമീപിച്ച ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറാണെന്നും വെളിപ്പെടുത്തി. എന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും അധികാരത്തിലെത്താൻ എൽഡിഎഫിനെ സഹായിക്കാമെന്നതുൾപ്പടെയുള്ള അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ ഇ പി നിഷ്കരുണം തള്ളിയെന്നും ദല്ലാൾ നന്ദകുമാർ ആരോപിച്ചു.
ഒപ്പം ഇപിക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗപ്രവേശനം ചെയ്തു.”ഇപി ജയരാജന്റെ പ്രകൃതം എല്ലാവര്‍ക്കും അറിയാമല്ലോ, എല്ലാവരുമായി കൂട്ടുകൂടും. നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്, പാപിയുമായി ശിവന്‍ കൂട്ടുകൂടിയാല്‍ ശിവനും പാപിയായി മാറും. കൂട്ടുകെട്ടുകളില്‍ ജാഗ്രതപുലര്‍ത്തണം. ഉറക്കം തെളിഞ്ഞാല്‍ ആരെ പറ്റിക്കാം എന്ന് ആലോചിക്കുന്ന ചിലരുണ്ട്. അത്തരം ആളുകളുമായി ഉള്ള ലോഹ്യം, അല്ലെങ്കില്‍ കൂട്ടുകെട്ട്, സൗഹൃദം എന്നിവ സാധാരണഗതിയില്‍ ശ്രദ്ധിക്കേണ്ടതാണ്. സഖാവ് ഇപി ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താറില്ലെന്നത് നേരത്തെയുള്ള അനുഭവമാണ്. ഇത്തരം ആളുകളുമായുള്ള കൂട്ടുകെട്ടുകളില്‍ ഇപി ജയരാജന്‍ ശ്രദ്ധിക്കണം,” എന്നായിരുന്നു മുഖ്യ മന്ത്രിയുടെ പ്രതികരണം. ഒതുക്കത്തിൽ കത്തികൊണ്ടിരുന്ന ആരോപണം, ഒടുവിൽ ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലോടെ ആളിക്കത്തി.
ഇപിക്ക് വിനയായി ശോഭയുടെ ആരോപണങ്ങൾ ഒന്നൊന്നായി പുറത്ത് വന്നു. ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്ന ‘പിണറായിയുടെ തലപ്പൊക്കമുള്ള കമ്യൂണിസ്റ്റ് നേതാവ് ഇ.പി. ജയരാജനാണന്നാണ് ശോഭ വെളിപ്പെടുത്തിയത്. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചകള്‍ ഇപി ജയരാജന്‍ പൂര്‍ത്തിയാക്കിയിരുന്നു, എന്നാൽ ഭയന്നിട്ടാണ് പിൻമാറിയതെന്നും ശോഭ പറഞ്ഞു. ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറിനെ ദല്ലാള്‍ നന്ദകുമാറിനൊപ്പം തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ സന്ദര്‍ശിച്ചതാണ് ഇപിക്കേറ്റ തിരിച്ചടി. ഡൽഹിയിൽ വച്ചാണ് ജയരാജനുമായി ചർച്ച നടത്തിയത്. ദല്ലാൾ നന്ദകുമാറാണ് തനിക്ക് ഡൽഹിക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് നൽകിയത്. ബിജെപിയിൽ ചേരണം എന്ന ആഗ്രഹവുമായി തലയെടുപ്പുള്ള ഏതു നേതാക്കൾ വന്നാലും അവരെ സ്വീകരിക്കും. ബിജെപിയിലേക്ക് ആളെ ചേർക്കാനുള്ള അഞ്ചംഗ കേന്ദ്ര കമ്മിറ്റിയിലെ ഒരംഗമാണ് താൻ, ബിജെപിയിൽ ചേരാനുള്ള തീരുമാനത്തിൽ നിന്നു ജയരാജൻ പിന്മാറിയതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും ശോഭ പറഞ്ഞു. ശോഭ സുരേന്ദ്രൻ തന്നെ ശരിവെച്ച ആരോപണങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾക്കാണ് ഇടതുമുന്നണി സാക്ഷ്യം വഹിച്ചത്.
തുടക്കത്തിൽ ശക്തമായ ന്യായീകരണങ്ങളാണ് അണിക്ക് പാർട്ടിയിൽ നിന്ന് ലഭിച്ചത്. ജയരാജനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിശദീകരണം. എന്നാൽ തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ഇ പി ജയരാജൻ ജാവഡേക്കറെ തൻ്റെ മകന്റെ വീട്ടിൽ വെച്ച് കണ്ടിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി സമ്മതിക്കുകയായിരുന്നു. പ്രകാശ് ജാവഡേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നതെന്നുമുള്ള ഇപിയുടെ ന്യായീകരണങ്ങളൊന്നും വകവെക്കാതെ കടുത്ത അതൃപ്തിയിലായിരുന്നു പാർട്ടി. അമർഷം പൊട്ടിതെറിച്ചപ്പോൾ, പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് കടക്കുന്നതിന്റെ തൊട്ടുതലേന്ന് രാജിക്കുള്ള സമയം കൊടുക്കാതെ പാർട്ടി ഇപിയെ കൺവീനർ സ്ഥാനത്തുനിന്ന് നിക്കി.
‘എല്ലാം നടക്കട്ടെ’ എന്ന് മാധ്യമങ്ങളോട് പറഞ്ഞ് മറുപടി ബാക്കിയാക്കിയ ഇപിക്ക് പകരമായി ടി.പി രാമകൃഷ്ണനെ പാർട്ടി പകരക്കാരനാക്കി നിയമിച്ചപ്പോൾ പ്രതിഷേധാർഹമായി സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെയാണ് ഇപി കണ്ണൂരിലേക്ക് മടങ്ങിയത്. പലതവണയായി രാഷ്ട്രീയ എതിരാളികൾ ഇപിയെ ലക്ഷ്യം വെച്ചിട്ടുണ്ട്. കൊലപാതക ശ്രമങ്ങളുൾപ്പെടെ നടന്നെങ്കിലും രാഷ്ട്രീയ ജീവിതത്തിലെ പല വെല്ലുവിളികളും തരണം ചെയ്തത് തന്നെയാണ് മുഖ്യമന്ത്രിയോളം തലപ്പൊക്കത്തിൽ വളരാൻ ഇപിയെ സഹായിച്ചത്. ഇപിയുടെ ഭാവി ഇനി എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. രാഷ്ട്രീയ ജീവിതത്തിലെ അധ്യായം അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിക്കുമോ അതോ പുതിയ ഒരു പദവി നൽകി പാർട്ടി ഇപിയെ തൃപ്തിപ്പെടുത്തുമോ എന്നതിന് വ്യക്തമായ ഒരു വിശദീകരണം അനിവാര്യമാണ്.
REPORT: ANURANJANA KRISHNA