CMDRF

പകർച്ചവ്യാധികൾ നിയന്ത്രണവിധേയമെന്ന്: ആരോഗ്യമന്ത്രി, അടിയന്തര പ്രേമേയത്തിന് അനുമതിയില്ല

പകർച്ചവ്യാധികൾ നിയന്ത്രണവിധേയമെന്ന്: ആരോഗ്യമന്ത്രി, അടിയന്തര പ്രേമേയത്തിന് അനുമതിയില്ല
പകർച്ചവ്യാധികൾ നിയന്ത്രണവിധേയമെന്ന്: ആരോഗ്യമന്ത്രി, അടിയന്തര പ്രേമേയത്തിന് അനുമതിയില്ല

തിരുവനന്തപുരം: മലപ്പുറം വള്ളിക്കുന്നിലെ മഞ്ഞപ്പിത്ത വ്യാപനവുമായി ബന്ധപ്പെട്ട് നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്നു ഇറങ്ങിപ്പോയി. പകർച്ചവ്യാധികൾ നിയന്ത്രണവിധേയമാണെന്നും വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം ബാധിച്ച് ആരും ഇപ്പോൾ ചികിത്സയിൽ ഇല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മഴക്കാലപൂർവ ശുചീകരണം ഏറ്റവും മോശമായി നിർവഹിച്ച വർഷമാണിതെന്നും തലസ്‌ഥാനത്ത് വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞുനോക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

വർഷത്തിൽ ഏതു സമയവും പെയ്യാവുന്ന മഴ, കാലാവസ്ഥയിലെ പ്രത്യേകതകൾ, ഉയർന്ന ജനസാന്ദ്രത, പരിസ്‌ഥിതിയിലെ വനമേഖലയുടെ സാന്നിധ്യം തുടങ്ങിയ കാരണങ്ങൾ കൊണ്ട് സംസ്ഥാനം പകർച്ചവ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ള സ്ഥലമായി അടയാളപ്പെടുത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതു സംബന്ധിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി, മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

അത്തരം സാഹചര്യത്തിൽ പകർച്ചവ്യാധികൾ തടയാനായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. തദ്ദേശസ്‌ഥാപനങ്ങളുടെ നേതൃത്വം ഉറപ്പാക്കി, ജനപങ്കാളിത്തത്തോടെയാണ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നത്. ഓരോ ജില്ലയിലേയും കണക്കുകൾ പരിശോധിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. മുൻവർഷങ്ങളിലെ കണക്കു പരിശോധിക്കുമ്പോൾ സംസ്‌ഥാനത്ത് പനിനിരക്ക് അനിയന്ത്രിതമായി വർധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മുൻ അമേരിക്കൻ പ്രസിഡൻ്റ് ഫ്രാങ്ക്ളിൻ റൂസ്വെൽറ്റിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് ലീഗ് എംഎൽഎ ടി.വി ഇബ്രാഹിം സംസാരിച്ചത്. ഒരു പകർച്ചവ്യാധിയിൽ രോഗത്തേക്കാൾ നാം ഭയപ്പെടേണ്ടത് നടപടിയെ ഭയപ്പെടുന്ന ഒരു ഭരണകൂടത്തെയാണെന്നാണ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ് പറഞ്ഞിരിക്കുന്നതെന്ന് ടി.വി.ഇബ്രാഹിം പറഞ്ഞു. മന്ത്രി വളരെ ലാഘവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്. മഴക്കാലപൂർവ ശുചീകരണം ഉൾപ്പെടെ താളംതെറ്റിയത് സർക്കാർ വിഷയത്തെ എങ്ങനെ സമീപിക്കുന്നു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പകർച്ചപ്പനി വ്യാപനത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. കേരളത്തിലെ ആശുപ്രതികളുടെ അവസ്ഥ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്‌ഥാനത്ത് ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചു കിടക്കുകയായിരുന്നെങ്കിൽ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ 33 കോടി രൂപയുടെ പ്രവർത്തനങ്ങൾ ടെൻഡർ ചെയ്യില്ലായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ് മറുപടി നൽകി.

Top