ഇപിയുടെ ‘കേസും’ കേന്ദ്ര കമ്മറ്റിയുടെ പരിഗണനയിൽ, സി.സി യോഗത്തിനു തൊട്ടു മുൻപ് വന്ന പി.ജെയ്ക്ക് എതിരായ വെളിപ്പെടുത്തലിലും ദുരൂഹത !

ഇപിയുടെ ‘കേസും’ കേന്ദ്ര കമ്മറ്റിയുടെ പരിഗണനയിൽ, സി.സി യോഗത്തിനു തൊട്ടു മുൻപ് വന്ന പി.ജെയ്ക്ക് എതിരായ വെളിപ്പെടുത്തലിലും ദുരൂഹത !

ലോകസഭ തിരഞ്ഞെടുപ്പിനു ശേഷമുള്ള സി.പി.എമ്മിൻ്റെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനാണ് ഡൽഹിയിൽ ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ കേരളത്തിലെ എല്ലാ പി.ബി അംഗങ്ങളും കേന്ദ്ര കമ്മറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

പ്രതിപക്ഷ ചേരിക്ക് കൂടുതൽ കരുത്ത് നേടാൻ 2024-ലെ ലോകസഭ തിരഞ്ഞെടുപ്പ് ഫലം വഴി ഒരുക്കിയെങ്കിലും സി.പി.എമ്മിനെ സംബന്ധിച്ച് പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചിട്ടില്ല. 2019-ൽ 3 സീറ്റുകളാണ് ലഭിച്ചതെങ്കിൽ, അത് ഇത്തവണ നാലായി ഉയർന്നിട്ടുണ്ട്. രാജസ്ഥാനിൽ നിന്നുമാണ് അധികമായി ഒരു സീറ്റ് സി.പി.എമ്മിന് ലഭിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നും കഴിഞ്ഞ തവണ ലഭിച്ചതുപോലെ രണ്ടും ഒന്നും സീറ്റുകളാണ് യഥാക്രമം ലഭിച്ചിരിക്കുന്നത്. കേരളത്തിലും, പശ്ചിമ ബംഗാളിലും, ബീഹാറിലും പ്രതീക്ഷിച്ച സീറ്റുകൾ സി.പി.എമ്മിന് ലഭിക്കാത്തത് കേന്ദ്ര കമ്മറ്റിയിൽ വിശദമായി ചർച്ച ചെയ്യപ്പെടും. ഇതിൽ പ്രധാനമായും പരിശോധിക്കപ്പെടുക കേരളത്തിലെ പരാജയമായിരിക്കും.

2019-ൽ യു.ഡി.എഫിന് അനുകൂലമായി ഉണ്ടായിരുന്ന രാഹുൽ എഫക്ടും ശബരിമല വിവാദവും ഒന്നുമില്ലാതെ നടന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ, ഇടതുപക്ഷത്തിന് 10-ൽ കൂടുതൽ സീറ്റുകളാണ് സി.പി.എം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ ഒറ്റ സീറ്റിൻ ഒതുങ്ങി എന്നതു മാത്രമല്ല, പാർട്ടി വോട്ടുകളിലും വലിയ ചോർച്ച ഉണ്ടായിട്ടുണ്ട്.

ഇത് ഗൗരവമായി പരിശോധിച്ച് പരിഹാരം കണ്ടിലെങ്കിൽ രാജ്യത്തെ ഇതുപക്ഷത്തിൻ്റെ അവശേഷിക്കുന്ന തുരുത്തും നഷ്ടമാകുമെന്ന നല്ല ബോധ്യം സി.പി.എം അണികൾക്കുണ്ട്. ഈ തിരിച്ചറിവ് നേതൃത്വത്തിനും ഉണ്ടായാൽ കടുത്ത നടപടികൾ തന്നെ കേന്ദ്ര നേതൃത്വത്തിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്.

സർക്കാർ വിരുദ്ധ വികാരവും, വർഗ്ഗീയ പാർട്ടിയായ മുസ്ലിംലീഗിനോട് സി.പി.എം നേതാക്കൾ മൃദുസമീപനം സ്വീകരിച്ചതും, മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളുമെല്ലാം ഇത്തവണ തിരഞ്ഞെടുപ്പ് വിധിയെ സ്വാധീനിച്ച ഘടകങ്ങളാണ്. സി.പി.എം നേതൃയോഗങ്ങളിലും ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത്തരം ആരോപണങ്ങളെ പ്രതിപക്ഷവും ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളും ഉപയോഗപ്പെടുത്തുമ്പോൾ അതിനെ ഫലപ്രദമായി ചെറുക്കുന്ന കാര്യത്തിലും സി.പി.എം സംഘടനാ സംവിധാനം പരാജയപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് സോഷ്യൽ മീഡിയ രംഗത്ത് ഇപ്പോഴും പ്രതിപക്ഷ രാഷ്ട്രീയത്തിനാണ് കൂടുതൽ സ്വാധീനമുള്ളത്. അത് അവർ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്.

സി.പി.എം വോട്ടുകൾ ബി.ജെ.പിയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുന്ന പുതിയ പ്രവണതയെ സി.പി.എം ദേശീയ നേതൃത്വവും ഗൗരവമായാണ് കാണുന്നത്. തൃശൂർ ലോകസഭ സീറ്റിൽ ബി.ജെ.പി വിജയിച്ചതോടൊപ്പം തന്നെ 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതും 9 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാമതും എത്താൻ അവർക്ക് സാധിച്ചതും സി.പി.എമ്മിനെ സംബന്ധിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ്. ഇതു സംബന്ധമായി സംസ്ഥാന നേതൃത്വം കേന്ദ്ര കമ്മറ്റിയിൽ വിശദീകരണം നൽകേണ്ടി വരും.

ഇവിടെയാണ് കേന്ദ്ര കമ്മറ്റി അംഗം കൂടിയായ ഇപി ജയരാജൻ്റെ നില പരുങ്ങലിലാവുക. ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചവർ എന്ന് ജയരാജൻ പറഞ്ഞതിലും ബി.ജെ.പി ദേശീയ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കർ വീട്ടിൽ വന്ന കാര്യം തിരഞ്ഞെടുപ്പു ദിവസം രാവിലെ തന്നെ ഇപി വെളിപ്പെടുത്തിയതിലും അദ്ദേഹം കേന്ദ്ര കമ്മറ്റിയിൽ വിശദീകരണം നൽകേണ്ടി വരും. അച്ചടക്കത്തിൻ്റെ കാര്യത്തിൽ കടുത്ത നിലപാട് സ്വീകരിക്കുന്ന പതിവ് രീതി സി.പി.എം പിന്തുടർന്നാൽ ഇപിക്ക് എതിരെ നടപടിക്കും സാധ്യത ഏറെയാണ്. കേന്ദ്ര കമ്മറ്റി അംഗമായ ഇപി ജയരാജന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം സി.പി.എം കേന്ദ്രകമ്മറ്റിയ്ക്ക് മാത്രമാണ് ഉള്ളത്.

ബി.ജെ.പി ദേശീയ നേതാവ് മുൻകൂട്ടി അറിയിക്കാതെ പെട്ടന്ന് കയറി വരികയാണ് ഉണ്ടായത് എന്ന ഇപി ജയരാജൻ്റെ വാദം കേന്ദ്ര നേതാക്കൾ പോലും വിശ്വസിക്കുന്നില്ലെതാണ് യാഥാർത്ഥ്യം. ഇപിക്ക് എതിരെ നടപടി വേണ്ടന്ന നിലപാട് കേരളത്തിലെ ഉന്നത നേതാക്കൾ സ്വീകരിക്കുമോ എന്നതും അങ്ങനെ അവർ നിലപാട് സ്വീകരിച്ചാലും അത് കേന്ദ്ര കമ്മറ്റി അംഗീകരിക്കുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്.

ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരായ പോരാട്ടത്തിൻ്റെ കുന്തമുനയായാണ് നാളിതുവരെ സി.പി.എം പ്രവർത്തിച്ചിരുന്നത്. ആ മുനയാണ് ഇപിയുടെ അപക്വമായ നടപടി മൂലം ഒടിഞ്ഞു പോയിരിക്കുന്നത്. അതു കൊണ്ട് തന്നെ ഇക്കാര്യത്തിൽ കടുത്ത നടപടി സ്വീകരിച്ചാൽ മാത്രമേ നഷ്ടപ്പെട്ട ഇമേജ് ഒരു പരിധിവരെയെങ്കിലും സി.പി.എമ്മിന് തിരിച്ചു പിടിക്കാൻ കഴിയുകയൊള്ളൂ. സി.പി.എം പ്രവർത്തകർക്ക് പൊതു സമൂഹത്തിന് മുന്നിൽ പറഞ്ഞ് നിൽക്കാനും ഇപിക്ക് എതിരെ സംഘടനാ നടപടി അനിവാര്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ഇപി ജയരാജന് എതിരെ സി.പി.എം സംസ്ഥാന കമ്മറ്റിയിൽ ശക്തമായ നിലപാട് സ്വീകരിച്ചത് കണ്ണൂരിലെ പ്രമുഖ നേതാവായ പി ജയരാജൻ ആണെന്നാണ് പ്രമുഖമാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനു ശേഷം നടക്കുന്ന ജില്ലാതല യോഗങ്ങളിലും സമാനമായ വിമർശനങ്ങൾ ഇപിക്ക് എതിരെ വ്യാപകമായി ഇപ്പോൾ ഉയർന്നു വരുന്നുണ്ട്.

ഈ പശ്ചാത്തലത്തിൽ ഇതെല്ലാം ചർച്ച ചെയ്യേണ്ട കേന്ദ്ര കമ്മറ്റി യോഗം ഡൽഹിയിൽ ആരംഭിക്കുന്നതിനു തൊട്ടു മുൻപാണ് പി ജയരാജന് എതിരെയും ചില ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ഡി.വൈ. എഫ്.ഐ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ
മനു തോമസാണ് പി. ജയരാജനും മകനും എതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കുന്ന മനു തോമസ് പെട്ടന്ന് ഒരു സുപ്രഭാതത്തിൽ പി.ജയരാജന് എതിരെ രംഗത്ത് വന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന സംശയവും ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. സി.പി.എം സംസ്ഥാന കമ്മറ്റിയിൽ പി ജയരാജൻ സ്വീകരിച്ച കടുത്ത നിലപടിൽ ‘പൊള്ളിയ’ നേതാവിനെതിരെയാണ് സംശയത്തിൻ്റെ മുന നീളുന്നത്. ഇത്തരമൊരു പിൻബലം ഇല്ലാതെ മനു തോമസ് ഇങ്ങനൊരു ആരോപണം പരസ്യമായി പി.ജെയ്ക്ക് എതിരെ ഉന്നയിക്കില്ലെന്നാണ് സി.പി.എം പ്രവർത്തകരും കരുതുന്നത്.

റിപ്പോർട്ട് : ബിജു പ്രവീൺ

Top