ക്ഷേത്ര ഭണ്ഡാരത്തില്‍ സ്വന്തം ക്യൂആര്‍ കോഡ് സ്ഥാപിച്ചു; നിയമ വിദ്യാര്‍ത്ഥി പിടിയില്‍

ക്ഷേത്ര ഭണ്ഡാരത്തില്‍ സ്വന്തം ക്യൂആര്‍ കോഡ് സ്ഥാപിച്ചു; നിയമ വിദ്യാര്‍ത്ഥി പിടിയില്‍
ക്ഷേത്ര ഭണ്ഡാരത്തില്‍ സ്വന്തം ക്യൂആര്‍ കോഡ് സ്ഥാപിച്ചു; നിയമ വിദ്യാര്‍ത്ഥി പിടിയില്‍

ഡിജിറ്റല്‍ ഇന്ത്യയില്‍ നേരിട്ടുള്ള പണം ഇടപാട് കുറയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പെട്ടിക്കട മുതല്‍ കൂറ്റന്‍ ഷോപ്പിംഗ് മോള്‍ വരെ ഇന്ന് പണമിടപാട് ഗൂഗിള്‍ പേ പോലുള്ള ഡിജിറ്റല്‍ ആപ്പുകള്‍ വഴിയാണ്. ഡിജിറ്റല്‍ ആപ്പുകളിലുടെ എളുപ്പത്തില്‍ പണം ക്രയവിക്രയം ചെയ്യാനായി ബാങ്ക് അക്കൌണ്ടുകളുടെ ക്യൂആര്‍ കോഡുകളാണ് ഇന്ന് മിക്ക കടകള്‍ക്ക് മുന്നിലും ഉള്ളത്. ക്യൂആര്‍ കോഡ് വഴിയുള്ള പണമിടപാട് പക്ഷേ അത്ര സുതാര്യമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കിഴഞ്ഞ ദിവസം ചൈനയിലെ ഒരു ഉന്നത സര്‍വകലാശാലയിലെ നിയമ ബിരുദധാരിയെ പോലീസ് അറസ്റ്റ് ചെയ്തത് ഇത്തരത്തില്‍ ക്യൂആര്‍ കോഡ് തട്ടിപ്പിനെ തുടര്‍ന്നാണെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അയാള്‍ ചെയ്തതാകട്ടെ ക്ഷേത്രങ്ങളിലെ സംഭാവന പെട്ടികള്‍ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ക്യു ആര്‍ കോഡുകള്‍ മാറ്റി സ്വന്തം ക്യൂആര്‍ കോഡ് സ്ഥാപിച്ചു. അങ്ങനെ വിശ്വാസികള്‍ ദൈവത്തിനായി നല്‍കിയ പണമെല്ലാം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റുകയായിരുന്നു.

ചൈനയിലെ വിവിധ പ്രവിശ്യകളിലെ ബുദ്ധക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ ഈ ഹൈടെക് മോഷണം നടത്തിയത്. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകളായ സിചുവാന്‍, ചോങ്കിംഗ്, വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഷാങ്സി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്ന് 30,000 യുവാന്‍ ( 3,52,011 രൂപ ) ഇയാള്‍ ഇത്തരത്തില്‍ മോഷ്ടിച്ചതായാണ് പോലീസ് പറയുന്നത്. ഇയാളുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ലെങ്കിലും ചൈനയിലെ ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലകളിലൊന്നില്‍ നിന്ന് ഇയാള്‍ക്ക് നിയമത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ടെന്ന് സൗത്ത് ചൈന.

ഈ മാസം ആദ്യം ബാവോജി നഗരത്തിലെ ഫാമെന്‍ ക്ഷേത്രത്തില്‍ നിന്ന് ഇയാളുടെ വീഡിയോ ദൃശ്യങ്ങള്‍ ഷാങ്സിയിലെ പോലീസിന് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളില്‍ ബുദ്ധ പ്രതിമയ്ക്ക് മുന്‍പിലായി സ്ഥാപിച്ചിട്ടുള്ള സംഭാവന പെട്ടിക്ക് അരികില്‍ മറ്റ് സന്ദര്‍ശകരോടൊപ്പം ഇയാള്‍ മുട്ടുകുത്തി നില്‍ക്കുന്നത് കാണാം. തുടര്‍ന്ന് ഇയാള്‍ പ്രാര്‍ത്ഥിക്കുന്നത് പോലെ ഭാവിച്ച് തന്റെ സ്വകാര്യ ക്യുആര്‍ കോഡുള്ള ഒരു പേപ്പര്‍, ക്ഷേത്ര ഭണ്ഡരത്തിന്റെ ക്യൂആര്‍ കോഡിന് മുകളില്‍ തന്ത്രപരമായി ഒട്ടിക്കുന്നു. പിന്നീട് ബുദ്ധപ്രതിമയെ കൈകൂപ്പി മൂന്ന് തവണ വണങ്ങിയ ശേഷം ഒരു നോട്ട് നേര്‍ച്ചപ്പെട്ടിയില്‍ ഇട്ട് അയാള്‍ അവിടെ നിന്നും പോകുന്നു. പിടിയിലായതിന് ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സമാനമായ രീതിയില്‍ മറ്റു ക്ഷേത്രങ്ങളിലെ ഭണ്ഡാരപ്പെട്ടികളുടെ ക്യൂആര്‍ കോഡുകളും താന്‍ മാറ്റിയതായി ഇയാള്‍ സമ്മതിച്ചത്. ഇത്തരത്തില്‍ ഇയാള്‍ മോഷ്ടിച്ച പണമെല്ലാം തിരികെ ലഭിച്ചതായും പോലീസ് അറിയിച്ചു.

Top