ബെര്‍ലിന്‍: യൂറോ കപ്പ് ഫുട്‌ബോളിന് മുമ്പായുള്ള സൗഹൃദ മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെ തകര്‍ത്ത് ജര്‍മ്മനി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ വിജയം. മത്സരത്തിന്റെ നാലാം മിനിറ്റില്‍ ജോയ് ഫീര്‍മാന്റെ ഗോളില്‍ ഓറഞ്ച് സംഘമാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 11-ാം മിനിറ്റില്‍ തന്നെ മാക്‌സിമിലിയാന്‍ മിറ്റല്‍ സ്റ്റട്ട്‌ലര്‍ ജര്‍മ്മനിക്കായി സമനില പിടിച്ചു.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഇരുടീമുകളും സമനില പാലിച്ചു. പക്ഷേ 85-ാം മിനിറ്റില്‍ നിക്കലസ് ഫ്യുല്‍ക്രൂഗ് നേടിയ ഗോളില്‍ ജര്‍മ്മന്‍ സംഘം വിജയതീരത്തെത്തി. ജര്‍മ്മനിയുടെ വിജയം ആത്മവിശ്വാസം നല്‍കുന്നുവെന്ന് പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ പറഞ്ഞു.
ലോകകപ്പ് കഴിഞ്ഞ മത്സരത്തില്‍ റണ്ണര്‍ അപ്പുകളായ ഫ്രാന്‍സിനെയും ജര്‍മ്മന്‍ സംഘം തോല്‍പ്പിച്ചിരുന്നു. ഓറഞ്ച് പടയെയും തകര്‍ത്തെറിഞ്ഞതോടെ സ്വന്തം മണ്ണില്‍ നടക്കുന്ന യൂറോ കപ്പില്‍ ജര്‍മ്മനി കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.