പാരിസ്: യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ കക്ഷികള്‍ക്ക് നേട്ടം. 27 അംഗ രാഷ്ട്രങ്ങളുള്ള യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇറ്റലി, ഓസ്ട്രിയ, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെല്ലാം ഇവര്‍ നേട്ടമുണ്ടാക്കി.
ജര്‍മനിയില്‍ രണ്ടാമതെത്തിയ തീവ്ര വലതുപക്ഷത്തെ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി) പാര്‍ട്ടി 15.9 ശതമാനം വോട്ടുനേടി. 2019ല്‍ 11ശതമാനം നേടിയതാണ് ഇത്തവണ അഞ്ചു ശതമാനത്തോളം വര്‍ധിപ്പിച്ചത്. ഇവിടെ യാഥാസ്ഥിതിക കക്ഷികള്‍ക്ക് തന്നെയാണ് കൂടുതല്‍ വോട്ട്. ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ 30 ശതമാനവും ചാന്‍സ്‌ലറുടെ എസ്.പി.ഡി 13.9 ശതമാനവും വോട്ടു നേടി.
ഇറ്റലിയില്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ‘ബ്രദേഴ്‌സ് ഓഫ് ഇറ്റലി’യും സമാനമായി മൂന്നിലൊന്നിനരികെ വോട്ടു നേടി. ഇവിടെ മെലോണിയുടെ കക്ഷി 28.8 ശതമാനവുമായി മുന്നിലെത്തിയപ്പോള്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കോ ഡൊമോക്രാറ്റിക്കോ 24 ശതമാനവും സ്വന്തമാക്കി. ഫ്രാന്‍സില്‍ മൊത്തം വോട്ടിന്റെ മൂന്നിലൊന്നിനരികെയെത്തിയാണ് നാഷണല്‍ റാലി കരുത്തുകാട്ടിയത്.
ഓസ്ട്രിയയില്‍ തീവ്രവലതു കക്ഷിയായ ഫ്രീഡം പാര്‍ട്ടി 25.7 ശതമാനം വോട്ടുനേടി. ഇവിടെ യാഥാസ്ഥിതിക പീപിള്‍സ് പാര്‍ട്ടിക്ക് 24.7 ശതമാനവും സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് 23.3 ശതമാനവും വോട്ടാണുള്ളത്. അയര്‍ലന്‍ഡില്‍ ഭരണകക്ഷിയായ ഫൈന്‍ ഗെയല്‍ തന്നെയാണ് മുന്നില്‍. അതിനിടെ, നെതര്‍ലന്‍ഡില്‍ കുടിയേറ്റ വിരുദ്ധ കക്ഷി അട്ടിമറി വിജയം നേടി.