CMDRF

വിഷപ്പാമ്പ് പോലും പാല് കൊടുത്ത കയ്യിൽ കൊത്തില്ല; എ.കെ.ബാലന്‍

പി.ശശിയെ സംബന്ധിച്ച് ഒരു പരാതി പോലും മുഖ്യമന്ത്രിക്കോ ഡിജിപിക്കോ കൊടുത്തിട്ടില്ല

വിഷപ്പാമ്പ് പോലും പാല് കൊടുത്ത കയ്യിൽ കൊത്തില്ല; എ.കെ.ബാലന്‍
വിഷപ്പാമ്പ് പോലും പാല് കൊടുത്ത കയ്യിൽ കൊത്തില്ല; എ.കെ.ബാലന്‍

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എ.കെ.ബാലന്‍. പാര്‍ട്ടി സമ്മേളനങ്ങളിലെ ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന് എതിരെയാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. വിഷപ്പാമ്പ് പോലും പാലു കൊടുത്ത കൈയ്ക്ക് കടിക്കില്ല. അതിനേക്കാള്‍ അപ്പുറമുള്ള കാര്യമാണ് അന്‍വര്‍ ചെയ്തിരിക്കുന്നത്. പി.ശശിയെ സംബന്ധിച്ച് ഒരു പരാതി പോലും മുഖ്യമന്ത്രിക്കോ ഡിജിപിക്കോ കൊടുത്തിട്ടില്ല. പിന്നീടാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കു പരാതി നല്‍കുന്നത്.

മുഖ്യമന്ത്രിയെയും കുടുംബത്തെയും ഒറ്റപ്പെടുത്താനുള്ള നീക്കമാണിത്. അന്‍വറിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തില്‍ ഒരു ചുക്കും സംഭവിക്കില്ല. അന്‍വര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തിലെടുത്തു അന്വേഷിക്കുകയാണ്. എഡിജിപി ആര്‍എസ്എസിനെ കണ്ടതിനെക്കുറിച്ചും അദ്ദേഹം പണിയുന്ന വീടിനെക്കുറിച്ചും സ്വര്‍ണക്കടത്തിനെക്കുറിച്ചും രണ്ട് ഡിജിപിമാരാണ് അന്വേഷിക്കുന്നത്. തൃശൂര്‍ പൂരം അലങ്കോലമായതിനെ സംബന്ധിച്ച് എഡിജിപി നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്ന് നിയമസെക്രട്ടറിയുടെ ശുപാര്‍ശയും സര്‍ക്കാര്‍ പരിശോധിക്കുകയാണ്. അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്തി നടപടികളിലേക്ക് സര്‍ക്കാര്‍ പോകുന്നു. അതിന്റെ സത്യം പുറത്തുവരുന്നതില്‍ അന്‍വറിന് ഇപ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നാണു സംശയിക്കേണ്ടത്. ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ സര്‍ക്കാരുമായി സഹകരിക്കുകയാണ് വേണ്ടത്. അതിനു പകരം വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. യുഡിഎഫും ബിജെപിയും ഉയര്‍ത്തിയിരുന്ന ആരോപണങ്ങള്‍ വീണ്ടും അന്‍വര്‍ പൊടിതട്ടി എടുത്തിരിക്കുന്നു.

അന്‍വറിനെ സ്വീകരിക്കാന്‍ പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ് തയാറായിരിക്കുകയാണ്. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യമാണെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നത്. അതെല്ലാം സത്യമാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് 150 കോടി രൂപ മത്സ്യവണ്ടിയില്‍ കര്‍ണാടകയില്‍നിന്നു കേരളത്തിലേക്കു കടത്തി എന്ന് അന്‍വര്‍ പറഞ്ഞതു കൂടി കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ എന്താണ് സുധാകരന്‍ പറഞ്ഞത് എന്നു മനസ്സിലാകും. പ്രതിപക്ഷ നേതാവ് പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിന് എതിരെ കെപിസിസി പ്രസിഡന്റിന് കിട്ടിയ ആയുധമാക്കി ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നുവെന്ന് വ്യക്തമാണ്. രമേശ് ചെന്നിത്തലയും അതിനെ പിന്തുണച്ചിരിക്കുകയാണ്- ബാലന്‍ പറഞ്ഞു.

Top