തേഞ്ഞിപ്പലം: നാലുവർഷ ബിരുദ കോഴ്സുകൾ തുടങ്ങിയിട്ട് രണ്ടുമാസമായിട്ടും പാഠപുസ്തകങ്ങൾ ലഭ്യമാക്കാതെ സർവകലാശാല. ഒന്നാം സെമസ്റ്റർ ബിരുദ കോഴ്സുകളുടെ ഫൗണ്ടേഷൻ കോഴ്സായ എബിലിറ്റി എൻഹാൻസ് കോഴ്സ് ഇംഗ്ലീഷിന്റെ പുസ്തകങ്ങളാണ് ഇപ്പോഴും അച്ചടിക്കാത്തത്.
ഭാഷ, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ഇംഗ്ലീഷ് ലാംഗ്വേജ് സ്കിൽസ് ഫോർ ലിറ്ററേച്ചർ, ഇംഗ്ലീഷ് ലാംഗ്വേജ് സ്കിൽസ് ഫോർ സയൻസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് മാനേജ്മെന്റ്, ഇംഗ്ലീഷ് ലാംഗ്വേജ് സ്കിൽസ് ഫോർ ഹ്യൂമാനിറ്റീസ് ആൻഡ് അദർ പ്രോഗ്രാംസ് എന്നീ പുസ്തകങ്ങളാണ് അച്ചടിക്കാൻ ഉള്ളത്. ഈ വിഷയത്തിന്റെ ചോദ്യപേപ്പർ മാതൃകയും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടില്ല.
Also Read:എൻജിനീയേഴ്സ് അസോസിയേഷൻ, ആർക്കിടെക്ചർ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു
ഓരോ സെമസ്റ്ററുകൾക്ക് അവസാനവും കൃത്യമായി പരീക്ഷകൾ നടത്തുമെന്നിരിക്കേ പാഠപുസ്തകങ്ങളും ചോദ്യപേപ്പർ മാതൃകയും ലഭ്യമാക്കാത്തത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരേപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കാണിച്ച് കൊണ്ടോട്ടി ഗവൺമെന്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും സർവകലാശാലാ സെനറ്റംഗവുമായ ഡോ. ആബിദ ഫറൂഖി വൈസ് ചാൻസലർക്ക് കത്തയച്ചു.
ഇതേസമയം ഫൗണ്ടേഷൻ കോഴ്സുകൾ ആയ ഇംഗ്ലീഷ്, മലയാളം എന്നിവയുടെ പാഠപുസ്തകങ്ങളുടെ അച്ചടി സർവകലാശാലാ പ്രസ്സിനുനൽകാതെ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏല്പിച്ചത് വിവാദമായി. ഇതിനെത്തുടർന്ന് 31-ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ വി.സി. ഈ തീരുമാനം മരവിപ്പിച്ചു. എത്രയുംപെട്ടെന്ന് വിഷയത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് വി.സി. അറിയിച്ചു. നിലവിൽ എ.ഇ.സി./ മലയാളത്തിന്റെ ഗൈഡുകൾ സ്വകാര്യ കമ്പനികൾ അച്ചടിച്ചിറക്കിയിട്ടുണ്ട്.