വോട്ടെണ്ണും മുൻപേ പ്രധാനമന്ത്രി പദവിക്കായി ‘തനിനിറം’ കാട്ടി കോൺഗ്രസ്സ്, അവർ കണ്ടു പഠിക്കേണ്ടത് സി.പി.എമ്മിനെ

വോട്ടെണ്ണും മുൻപേ പ്രധാനമന്ത്രി പദവിക്കായി ‘തനിനിറം’ കാട്ടി കോൺഗ്രസ്സ്, അവർ കണ്ടു പഠിക്കേണ്ടത് സി.പി.എമ്മിനെ

ധികാരത്തോടുള്ള ആർത്തിയും അവസരവാദപരമായ നിലപാടുമാണ് രാജ്യം ഏറ്റവും കൂടുതൽ കാലം ഭരിച്ച കോൺഗ്രസ്സിനെ കേവലം മൂന്ന് സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടിയാക്കി ഒതുക്കിയിരിക്കുന്നത്. അതേ കോൺഗ്രസ്സിൻ്റെ തകർച്ചയിൽ നിന്നു തന്നെയാണ് ബിജെപിയുടെ വളർച്ചയും സാധ്യമായിരിക്കുന്നത്. കേന്ദ്രത്തിൽ തുടർച്ചയായ രണ്ടാം തവണയും ഭരണം നടത്തിയ ബിജെപി മൂന്നാം ഊഴം ലക്ഷ്യമിട്ട് രംഗത്തിറങ്ങിയപ്പോൾ അതിനെ ചെറുക്കാൻ പ്രതിപക്ഷത്ത് വിശാല സഖ്യം രൂപീകരിക്കാൻ മുൻകൈ എടുത്തത് ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറാണ്. ആ നിതീഷ് കുമാർ തന്നെ വീണ്ടും ബിജെപി പാളയത്തിലേക്ക് തിരിച്ചു പോയതും രാഷ്ട്രീയ ഇന്ത്യ കണ്ട വേറിട്ട കാഴ്ചയാണ്. നിതീഷും അദ്ദേഹത്തിൻ്റെ പാർട്ടിയും ഇല്ലെങ്കിലും രാജ്യത്തെ മിക്ക പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ഇന്ത്യാ മുന്നണിക്ക് ഒപ്പം തന്നെയാണ് ഇപ്പോഴും ഉള്ളത്. ഒരു സഖ്യത്തിലും ഉൾപ്പെടാതെ നിൽക്കുന്ന പ്രതിപക്ഷ പാർട്ടികൾ ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസ്സും ഒറീസയിലെ ബിജു ജനതാദള്ളുമാണ്. ഇതാണ് നിലവിലെ അവസ്ഥ.

വോട്ടെണ്ണൽ നാലാം തിയ്യതിയിൽ ആരംഭിക്കാനിരിക്കെ ഒറ്റക്കെട്ടായി ആദ്യം നിൽക്കേണ്ട മുന്നണിയാണ് ഇന്ത്യാ മുന്നണി. ഒരു തരത്തിലുള്ള ഭിന്നതയും അവിടെ ഉണ്ടാകാതെ നോക്കേണ്ടതിൻ്റെ പ്രധാന ഉത്തരവാദിത്വം പ്രതിപക്ഷ മുന്നണിയിലെ പ്രധാന പാർട്ടിയായ കോൺഗ്രസ്സിനു തന്നെയാണ്. എന്നാൽ അധികാര മോഹത്താൽ ആ ഉത്തരവാദിത്വമാണിപ്പോൾ കോൺഗ്രസ്സ് മറന്നിരിക്കുന്നത്. ഇന്ത്യാ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ രാഹുൽ ഗാന്ധിയെ ആണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി താൻ കാണുന്നതെന്നാണ് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ തുറന്നു പറഞ്ഞിരിക്കുന്നത്. ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ യോഗം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് ഇത്തരമൊരു പ്രതികരണം അദ്ദേഹം ഇപ്പോൾ നടത്തിയിരിക്കുന്നത്. അധികാരത്തോടുള്ള കോൺഗ്രസ്സിൻ്റെ ആർത്തി കൂടിയാണ് ഇതോടെ പുറത്തു വന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ ഇന്ത്യാ മുന്നണി യോഗം ചേർന്ന് ഐക്യകണ്ഠേന ഒരു തീരുമാനം എടുത്താൽ മാത്രമേ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയുകയൊള്ളൂ. ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ച പ്രതിപക്ഷ പാർട്ടിയുടെ നേതാവ് തന്നെ പ്രധാനമന്ത്രിയാകണമെന്ന ഒരു നിർബന്ധവും അപ്പോൾ ഇല്ലന്നതും കോൺഗ്രസ്സ് നേതൃത്വം തിരിച്ചറിയണം. എങ്ങനെയാണ് വി.പി സിംഗും ഗുജ്റാളും ചന്ദ്രശേഖറും ദേവഗൗഡയും എല്ലാം പ്രധാനമന്ത്രിമാർ ആയതെന്ന ചരിത്രം പരിശോധിച്ചാൽ ഇക്കാര്യവും കോൺഗ്രസ്സ് അദ്ധ്യക്ഷന് മനസ്സിലാകും. ഇനി കോൺഗ്രസ്സിൽ നിന്നും പ്രധാനമന്ത്രി വരട്ടെ എന്ന് മറ്റു പ്രതിപക്ഷ പാർട്ടികൾ സമ്മതിച്ചു എന്നിരിക്കട്ടെ അപ്പോഴും രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രി ആകണമെന്നും ഇല്ല. ഇന്ത്യാ മുന്നണിയിലെ പ്രധാന പാർട്ടികൾ ഇപ്പോഴും രാഹുലിൻ്റെ നേതൃത്വം അംഗീകരിക്കുന്നില്ലന്നതാണ് യാഥാർത്ഥ്യം.

ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് കൂടുതൽ സീറ്റുകൾ ലഭിച്ചാൽ അതിൻ്റെ നേട്ടവും ആ പാർട്ടിക്ക് മാത്രം അവകാശപ്പെടാൻ കഴിയുകയില്ല. ഇന്ത്യാ മുന്നണിയിൽ മത്സരിച്ചത് കൊണ്ടു മാത്രമായിരിക്കും സാക്ഷാൻ രാഹുൽ ഗാന്ധി പോലും റായ്ബറേലിയിൽ നിന്നും വിജയിക്കാൻ പോകുന്നതെന്നതും ഖാർഗെ ഓർത്തു കൊള്ളണം.

ഇന്ത്യാ മുന്നണിയുടെ യോഗം തുടങ്ങും മുൻപു തന്നെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിയത് തെറ്റു തന്നെയാണ്. കേവല ഭൂരിപക്ഷം ഇന്ത്യാ മുന്നണിയ്ക്ക് ലഭിക്കുകയാണെങ്കിൽ ബിജെപിയെ പുറത്തിരുത്താൻ ആദ്യം വിട്ടുവീഴ്ച ചെയ്യേണ്ടത് കോൺഗ്രസ്സാണ്. കാരണം വീണ്ടും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ആദ്യം ഇല്ലാതാകാൻ പോകുന്നതും കോൺഗ്രസ്സ് തന്നെ ആയിരിക്കും. രാഹുലിനെ ഇപ്പോൾ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുന്നവർ പോലും അത്തരമൊരു സാഹചര്യത്തിൽ ബിജെപിയിൽ ചേക്കേറിയാലും അത്ഭുതപ്പെടാനില്ല. അതു തന്നെയാണ് ചരിത്രവും.

വിവിധ താൽപ്പര്യങ്ങളും നിലപാടുകളും ഉള്ള പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്താൻ എന്തു വിട്ടുവീഴ്ചയ്ക്കും ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാവേണ്ടതുണ്ട്. ഇന്ത്യാ മുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിച്ചാൽ അതിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. ഇക്കാര്യത്തിൽ സിപിഎമ്മിനെയാണ് കോൺഗ്രസ്സ് കണ്ടു പഠിക്കേണ്ടത്. സിപിഎം നേതാവ് ജ്യോതി ബസുവിന് പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിച്ചപ്പോൾ അതു വേണ്ട എന്ന നിലപാട് സ്വീകരിച്ച പാർട്ടിയാണ് സിപിഎം. വിവിധ മൂന്നാം മുന്നണി സർക്കാറുകൾക്കും ഒന്നാം യുപിഎ സർക്കാറിനും സിപിഎം പിന്തുണ നൽകിയതും സർക്കാറിൽ ചേരാതെയാണ്. ആ ആർജവം ഇന്നും കാണിക്കാൻ സിപിഎമ്മിനു മാത്രമേ സാധിക്കുകയൊള്ളൂ. മറ്റു പാർട്ടികളിൽ നിന്നും സിപിഎമ്മിനെ വ്യത്യസ്തമാക്കുന്നതും ഇതൊക്കെ തന്നെയാണ്.

ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ മന്ത്രിയാകേണ്ട കാര്യമില്ലെന്നതും അധികാര മോഹികളായ കോൺഗ്രസ്സ് നേതാക്കൾ തിരിച്ചറിയണം. സിപിഎം നേതാവ് എ.കെ ഗോപാലൻ പാവങ്ങളുടെ പടത്തലവനായത് മന്ത്രിയായിട്ടല്ലെന്നതും ഓർമ്മിക്കുന്നത് നല്ലതാണ്. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ഉന്നത പദവികൾ എന്തും ലഭിക്കാവുന്ന അവസരങ്ങൾ ഉണ്ടായിട്ടും അദ്ദേഹം ഒരിക്കൽ പോലും അതൊന്നും തന്നെ ആഗ്രഹിച്ചിരുന്നില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനും പാർലമെൻ്റിൽ ജനങ്ങളുടെ ശബ്ദമാകാനുമാണ് എ.കെ.ജി ശ്രമിച്ചിരുന്നത്. ഈ മാതൃകയാണ് ഈ കാലഘട്ടത്തിലും നാടിന് ആവശ്യമായിട്ടുള്ളത്.

എ.കെ.ജിയുടെ മഹത്വം ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലം അറിയുന്ന ആരെയും തന്നെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. പുതിയ തലമുറക്കും വലിയ ആവേശവും പ്രചോദനവും ഊർജവും പകരുന്ന വികാരമാണ് ആ മൂന്നക്ഷരം. സ്വാതന്ത്ര്യ സമരത്തിലും കേരളത്തിന്റെ നവോത്ഥാന രംഗത്തും ഏറെ അറിയപ്പെടുന്ന നേതാവായി മാറിയ എ.കെ.ജി അവർണ്ണർക്ക് വഴിനടക്കാൻ അവകാശമില്ലാത്ത കാലത്ത് അവരെ പൊതുവഴിയിൽ നടത്തിയതിന് പയ്യന്നൂരിൽ വച്ച് ക്രൂര മർദ്ദനത്തിനും വിധേയനായിട്ടുണ്ട്.

അടിച്ചമർത്തപ്പെട്ടവരും കടുത്ത ചൂഷണവും ജീവിത ദുരിതങ്ങളും അനുഭവിക്കുന്നവരുമായ ജനങ്ങൾക്കു വേണ്ടി എ.കെ.ജി നടത്തിയ പോരാട്ടങ്ങൾ നിരവധി വർഷത്തെ ജയിൽ വാസവും ഒളിവു ജീവിതത്തിലുമാണ് കലാശിച്ചിരുന്നത്. പിന്നീട് ഇന്ത്യൻ പാർലമെന്റിലായിരുന്നു, പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ സമരം നടന്നിരുന്നത്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ കൂടിയായ പ്രധാനമന്ത്രി നെഹ്റു അടക്കമുള്ള ഉന്നത നേതാക്കൾ എ.കെ.ജിയെ ബഹുമാനിച്ചത് എങ്ങനെയാണെന്നതും ചരിത്ര പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

എ.കെ.ജി യെ പോലെ പ്രവർത്തിക്കാനോ സിപിഎമ്മിനെ പോലെ അധികാര രാഷ്ട്രീയത്തോട് മുഖം തിരിക്കാനോ ഈ പുതിയ കാലത്തും ഇന്ത്യയിലെ മറ്റൊരു പാർട്ടിക്കും നേതാവിനും കഴിയുകയില്ല. അതാകട്ടെ ഒരു യാഥാർത്ഥ്യവുമാണ്. വോട്ട് പെട്ടി തുറക്കും മുൻപ് തന്നെ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് പറഞ്ഞ് കോൺഗ്രസ്സ് പ്രസിഡന്റ് തന്നെ രംഗത്തു വന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം കൂടി ഇവിടെ ഓർമ്മപ്പെടുത്തേണ്ടി വന്നിരിക്കുന്നത്.

EXPRESS KERALA VIEW

Top