ഇടുക്കി: ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളാ സർക്കാരിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് കൂടിയായ എംഎം മണി എംഎൽഎ. കേരളത്തിലെ മുഴുവൻ ആളുകൾക്കും പട്ടയം നൽകാതെ സൂത്രത്തിൽ കാര്യം നടത്താമെന്ന് ഒരു ഗവൺമെന്റും കരുതേണ്ടെന്ന് മുൻ വൈദ്യുതി വകുപ്പ് മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. അതേസമയം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം നടത്തിയ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് മാർച്ചിലാണ് മണിയുടെ വിമർശനം.
അതേസമയം വനം ഉള്ളത് സംരക്ഷിച്ചു കൊള്ളാനും പുതിയ വനം ഉണ്ടാക്കാൻ നോക്കേണ്ടെന്നും വനം വകുപ്പിനോട് അദ്ദേഹം ഓർമ്മിപ്പിച്ചു. വനം വകുപ്പിനെ മാത്രമല്ല ഇനി റവന്യു വകുപ്പിനേയും നേരിടേണ്ട സ്ഥിതിയാണ് ഇടുക്കിയിൽ ഉള്ളതെന്നും ഇടുക്കിയിൽ ജീവിക്കുന്ന ആളുകൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള ഒരു അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ നിന്നുള്ള ആളുകളെ ഇറക്കി വിടാൻ ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും കഴിയില്ല. ഇനിയും വനം വകുപ്പ് പ്രശ്‌നം ഉണ്ടാക്കിയാൽ, പുറത്ത് ഇറങ്ങി നടക്കാൻ വിഷമിക്കും. സംഘടിതമായി സമരം നടത്തേണ്ട സമയമാണിത്. അതേസമയം സർക്കാർ നമ്മുടേതാണെന്ന് നോക്കേണ്ട കാര്യമില്ലെന്നും എം എം മണി.