വീണ്ടും അധികാരത്തില്‍ വരുമെന്ന് മോദിക്ക് പോലും ഉറപ്പില്ല, അതുകൊണ്ടാണ് വീണ്ടും വീണ്ടും അതുതന്നെ പറയുന്നത്

വീണ്ടും അധികാരത്തില്‍ വരുമെന്ന് മോദിക്ക് പോലും ഉറപ്പില്ല, അതുകൊണ്ടാണ് വീണ്ടും വീണ്ടും അതുതന്നെ പറയുന്നത്
വീണ്ടും അധികാരത്തില്‍ വരുമെന്ന് മോദിക്ക് പോലും ഉറപ്പില്ല, അതുകൊണ്ടാണ് വീണ്ടും വീണ്ടും അതുതന്നെ പറയുന്നത്

മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇല്ലാത്തതിനാലാണ് അദ്ദേഹം അധികാരത്തില്‍ വരുമെന്ന് ആവര്‍ത്തിച്ച് പറയുന്നതെന്ന് മുന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം നേതാവുമായ ടി ശശിധരന്‍. എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം.

കേരളത്തില്‍ ഒരു കാരണവശാലും ബി.ജെ.പി അധികാരത്തില്‍ വരില്ലന്നും ഇവിടെ അമ്പലവും പള്ളിയും തകര്‍ക്കപ്പെടാത്തതും മത തീവ്രവാദികള്‍ക്ക് പിടിമുറുക്കാന്‍ കഴിയാത്തതും ഇടതുപക്ഷം ഉള്ളതു കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സി.സി.ടി.വിയാണ് ഇടതുപക്ഷ പ്രസ്ഥാനമെന്നാണ് ശശിധരന്‍ പറയുന്നത്.

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ :-

വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കുക ?

അങ്ങനെ സംഭവിക്കില്ല. കഴിഞ്ഞതവണ മോദിക്ക് ലഭിച്ചത് 37% വോട്ടാണ്. എന്നുവച്ചാല്‍ 63% ആളുകള്‍ മോദിക്ക് എതിരായിരിക്കുമ്പോഴാണ് മോദിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചത്. അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ട് പ്രതിപക്ഷം തമ്മില്‍തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയെ ഒരുവിധം പരിഹരിച്ച് ബംഗാള്‍ ഒഴികെ മറ്റുള്ള എല്ലാ സംസ്ഥാനങ്ങളും ഒത്തുചേര്‍ന്നു. അതുതന്നെയാണ് മോദിയെ ഭയപ്പെടുത്തുന്നതും. മോദി സര്‍ക്കാര്‍ ഇനിയുണ്ടാവുക എന്നുപറയുന്നത് സാധ്യതയില്ലാത്തതാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ അസാധ്യമായിട്ടൊന്നും ഇല്ല. അങ്ങനെ മോദി സര്‍ക്കാര്‍ വരികയാണെങ്കില്‍ ഇന്ത്യ എന്ന രാജ്യം ഇല്ലാതാകും.

ഇന്ത്യാ സഖ്യത്തിന് ബി.ജെ.പിയെ ചെറുക്കാനുള്ള ശക്തിയുണ്ടോ ?

ഉറപ്പായിട്ടും. കേരളത്തിലെ ഇടതുപക്ഷ ജനാതിപത്യ മുന്നണി മത്സരിക്കുന്നത് കോണ്‍ഗ്രസ്സുമായാണ്, ബിജെപിയായല്ല. കാരണം ബിജെപി ഒരു മത്സരാര്‍ത്ഥി പോലുമല്ല. കോണ്‍ഗ്രസ്സും എല്‍ഡിഎഫും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ജയിക്കുന്നത് മുഴുവന്‍ ബിജെപി വിരുദ്ധരാണ്. ‘ഇന്‍ഡ്യ’ മുന്നണി ജയിച്ചാലും ‘ഇന്‍ഡ്യ’ മുന്നണിയുടെ എന്‍ഡിഎയുമായുള്ള സാമ്പത്തിക നിലപാടില്‍ വ്യത്യസ്തതയില്ലാത്തതുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണ ഉണ്ടാകുന്നതോടുകൂടിയാണ് ജനകീയമായി മാറാന്‍ കഴിയുകയുള്ളൂ. ഉദാഹരണത്തിന് 2004 ല്‍ യുപിഎ ഗവണ്‍മെന്റ് വരുമ്പോള്‍ 68ഓളം കമ്മ്യൂണിസ്റ്റ് എംപിമാരുണ്ടായിരുന്നു. അവരുടെ പിന്തുണകൊണ്ടാണ് ഇന്ന് ഇന്ത്യാരാജ്യം വിറ്റുപോകാതിരുന്നത്. വിട്ടുവീഴ്ചയില്ലാതെ ബിജെപിയെ ചെറുക്കുന്ന നിലപാടില്‍ കേരളത്തിലെ സിപിഎം അടങ്ങുന്ന ഇടതുപക്ഷം ജയിക്കണം എന്നവകാശപ്പെടുന്നത് അതുകൊണ്ടാണ്.

കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകാന്‍ കാരണമെന്താണ് ?

ഇരുകൂട്ടരും ഒരു കാര്യത്തിലൊഴികെ മറ്റെല്ലാത്തിലും യോജിക്കും. വര്‍ഗ്ഗീയതയെ തിരഞ്ഞെടുപ്പ് വിജയത്തിനും നിലനില്‍പ്പിനുംവേണ്ടി ഉപയോഗിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. വര്‍ഗ്ഗീയതയെ തലോടിയും വര്‍ഗ്ഗീയതയുമായി രമിച്ചും ഇടയ്ക്ക് വര്‍ഗ്ഗീയതയെ തള്ളിപ്പറഞ്ഞും മൃദുല വര്‍ഗ്ഗീയത കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. സാമ്പത്തിക നിലപാടിലും സ്വകാര്യവല്‍ക്കരണത്തിലും ഇരുകൂട്ടരും യോജിപ്പാണ്. ഇന്ത്യയിലെ സാമൂഹിക ഘടനയെ സംരക്ഷിക്കുന്ന ഒന്നിനോടും ബിജെപിയും കോണ്‍ഗ്രസ്സും അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നില്ല. കോണ്‍ഗ്രസ്സിന്റെ നിലപാടുകളോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് ബിജെപി ആയതുകൊണ്ടാണ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത് .

ബി.ജെ.പി ഇത്തവണയെങ്കിലും കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ ?

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. കേരളത്തിലെ അമ്പലവും പള്ളിയും നില്‍ക്കുന്നത് സിസിടിവി ക്യാമറ ഉള്ളതുകൊണ്ടല്ല. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ സിസിടിവി ക്യാമറ എന്നുപറയുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ പരമ്പരാഗതമായ ചുറ്റുപാട് എന്നുപറയുന്നത് ഭൂതകാലത്തെ നവോത്ഥാനമാണ്. കോണ്‍ഗ്രസ്സുകാര്‍ ജയിച്ച് ബിജെപിയാകുമോ എന്ന് പറയാനാകില്ല, അല്ലാതെ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകില്ല.

മോദിയുടെ ഗ്യാരണ്ടിയ്ക്ക് കേരളത്തില്‍ ഒരു വിലയുമില്ലേ ?

ഇല്ല. സീറോ ബാലന്‍സ് അക്കൗണ്ടിലേക്ക് 16 ലക്ഷം രൂപ വരുമെന്ന ഗ്യാരന്റി നടപ്പിലായോ ? 2 കോടി തൊഴില്‍ ഒരു കൊല്ലം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 20 കോടി തൊഴില്‍ കിട്ടണ്ടേ ? 56 രൂപ വിലയുണ്ടായിരുന്ന പെട്രോളിന്റെ വിലകുറച്ച് 40 രൂപയാക്കും എന്നുപറഞ്ഞിട്ട് ഇപ്പോള്‍ 110 രൂപയാണ് വില. ഇന്ത്യയിലെ തൊഴിലില്ലായ്മ പരിഹരിക്കും എന്നുപറഞ്ഞട്ടെന്തുണ്ടായി ? പള്ളി പൊളിച്ച് അമ്പലം പണിതു, പാര്‍ലിമെന്റ് മന്ദിരം പൊളിച്ച് പുതിയത് നിര്‍മിച്ചുവെന്നല്ലാതെ മോദി ഒന്നും ചെയ്തിട്ടില്ല. സുബാഷ് ചന്ദ്രബോസിന്റെയും ലാൽബഹദൂര്‍ ശാസ്ത്രിയുടെയും മഹാത്മാ ഗാന്ധിയുടെയും നെഹ്റുവിന്റെയും പേരിലുണ്ടായിരുന്ന റോഡുകളുടെ പേരുമാറ്റി, ജീവിച്ചിരിക്കുമ്പോള്‍ തന്നെ നരേന്ദ്രമോദി പ്രതിഷ്ഠ നടത്തി അമ്പലമുണ്ടാക്കി. ഇത്രയും മോശമായ കാലം ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. ഇന്ത്യയില്‍ ബിജെപിയുടെ കൗണ്‍ടൗണ്‍ ആരംഭിച്ചു കഴിഞ്ഞതായും ശശിധരന്‍ പറഞ്ഞു.

( അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്‌സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക)

Top