CMDRF

ഇവിടെ മണ്ണിനടിയില്‍ കുഴിച്ചിട്ടവര്‍ പോലും സുരക്ഷിതരല്ല; അഭയാര്‍ഥി ക്യാംപിലെ കൂട്ടക്കുരുതിയെ കുറിച്ച് പലസ്തീന്‍ പെണ്‍കുട്ടി

ഇവിടെ മണ്ണിനടിയില്‍ കുഴിച്ചിട്ടവര്‍ പോലും സുരക്ഷിതരല്ല; അഭയാര്‍ഥി ക്യാംപിലെ കൂട്ടക്കുരുതിയെ കുറിച്ച് പലസ്തീന്‍ പെണ്‍കുട്ടി
ഇവിടെ മണ്ണിനടിയില്‍ കുഴിച്ചിട്ടവര്‍ പോലും സുരക്ഷിതരല്ല; അഭയാര്‍ഥി ക്യാംപിലെ കൂട്ടക്കുരുതിയെ കുറിച്ച് പലസ്തീന്‍ പെണ്‍കുട്ടി

റഫ: ഇസ്രായേല്‍ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന പലസ്തീനിലെ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേല്‍ നടത്തിയത് മൃഗീയ കൂട്ടക്കൊല. തിങ്കളാഴ്ച രാത്രി ക്യാംപിന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 45 ആളുകള്‍ കൊല്ലപ്പെടുകയും 249 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. കൈകാലുകള്‍ അറ്റുപോയതുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റ പലര്‍ക്കും ആവശ്യ ചികിത്സ സഹായം പോലും ലഭ്യമല്ല. നിലവില്‍ ഒരു ആശുപത്രി മാത്രമാണ് ഗസയില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയെല്ലാം ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകര്‍ത്തുകളഞ്ഞിരുന്നു. പരുക്കേറ്റവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കാരണം നിലവിലെ ആശുപത്രിയ്ക്ക് മതിയായ ചികിത്സ സഹായം നല്‍കാനും സാധിക്കുന്നില്ല.

ഏകദേശം രാത്രി പത്തോടെയാണ് അഭയാര്‍ഥി ക്യാംപിന് നേരെ ആക്രമണം നടന്നത്. പലരും രാത്രി പ്രാര്‍ഥന കഴിഞ്ഞ് കിടക്കുകയായിരുന്നു. പലരും ഉറങ്ങിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയുന്നതിന് മുന്‍പ് തന്നെ വലിയ ശബ്ദത്തോടെ സ്‌ഫോടനം നടക്കുകയും 14 ഓളം കൂടാരങ്ങള്‍ കത്തി നശിക്കുകയും ചെയ്തു. ഇസ്രായേല്‍ സുരക്ഷിതമെന്ന് പറഞ്ഞിരുന്ന മേഖലയിലായിരുന്നു ക്യാംപ് സ്ഥിതി ചെയ്തിരുന്നത്. ഹമാസിലെ രണ്ട് അംഗങ്ങള്‍ ക്യാംപിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ വാദം.
‘ഞങ്ങള്‍ക്ക് ഛിന്നഭിന്നമായ കൈകാലുകളും തലയില്ലാത്ത കുഞ്ഞിന്റെ ശരീരവും എടുത്ത് മാറ്റേണ്ടി വന്നു. ഇവിടെ ഹമാസിന്റെ പോരാളികള്‍ ഉണ്ടെന്ന് പറഞ്ഞാണ് അവര്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഞങ്ങളാരെയും കണ്ടിട്ടില്ല,’ ലയാന്‍ അല്‍ഫയെന്ന പലസ്തീന്‍ പെണ്‍കുട്ടി പറഞ്ഞു.
ഏകദേശം 12 മണിക്കൂറുകള്‍ക്ക് മുന്‍പ് ഫലസ്തീനികള്‍ ജീവിച്ചിരുന്ന ഇടം ഇപ്പോള്‍ കത്തിയെരിഞ്ഞ ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

‘ഒരു മുന്നറിയിപ്പുമില്ലാതെയാണ് അവര്‍ ആക്രമണം നടത്തിയത്. ഞങ്ങള്‍ സമാധാനത്തോടെ ഇരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാന്‍ പുറത്തിറങ്ങിയ ഞാന്‍ കണ്ടത് കൂടാരങ്ങളെ വിഴുങ്ങുന്ന തീ ജ്വാലയാണ്. കത്തിക്കരിഞ്ഞ ശവശരീരങ്ങള്‍ക്കിടയിലൂടെ ആളുകള്‍ പ്രാണരക്ഷാര്‍ഥം ഓടുകയായിരുന്നു,’ ദുരന്തത്തിന് ദൃക്സാക്ഷിയായ മറ്റൊരു പലസ്തീനി പറഞ്ഞു.

മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് തീയണക്കാന്‍ 11 അഗ്നിശമന സേന ട്രക്കുകള്‍ വേണ്ടിവന്നു. രണ്ട് മണിക്കൂറില്‍ അധികം എടുത്താണവര്‍ തീയണച്ചത്. ‘ഇവിടെ സുരക്ഷിതമായൊരു സ്ഥലമില്ല. മണ്ണിനടിയില്‍ കുഴിച്ചിട്ടവര്‍ പോലും സുരക്ഷിതരല്ല. മൃതദേഹങ്ങള്‍, കൊലപാതങ്ങള്‍ എന്നിവയാണ് ഇപ്പോഴത്തെ ഞങ്ങളുടെ ജീവിതം,’ അപകടത്തെ അതിജീവിച്ച ആബോ സെബ എന്ന പലസ്തീനി പെണ്‍കുട്ടി പറഞ്ഞു.

ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തിനെതിരേ ആഗോള പ്രതിഷേധങ്ങള്‍ ഉണ്ടായി. ഈജിപ്ത്, സൗദി അറേബ്യാ, യു.എ.ഇ രാജ്യങ്ങള്‍ ആക്രമണത്തില്‍ അപലപിച്ചു.

Top