എസ്ബിഐയില്‍ നിന്ന് പണം തട്ടി ഒളിവില്‍പ്പോയ മുന്‍ ജീവനക്കാരന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

എസ്ബിഐയില്‍ നിന്ന് പണം തട്ടി ഒളിവില്‍പ്പോയ മുന്‍ ജീവനക്കാരന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
എസ്ബിഐയില്‍ നിന്ന് പണം തട്ടി ഒളിവില്‍പ്പോയ മുന്‍ ജീവനക്കാരന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

ചെന്നൈ: ബാങ്കില്‍ നിന്ന് പണം തട്ടി ഒളിവില്‍പ്പോയ മുന്‍ ജീവനക്കാരന്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. വി ചലപതി റാവു എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ ഒളിവിലായിരിക്കെ ആശ്രമത്തില്‍ നിന്നും 70 ലക്ഷം രൂപ തട്ടിയിരുന്നു. കോടതി നേരത്തെ മരിച്ചെന്ന് പ്രഖ്യാപിച്ച പ്രതിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെ നര്‍സിംഗനല്ലൂര്‍ ഗ്രാമത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി ഇതിനകം തന്റെ ഫോണ്‍ നമ്പര്‍ പത്ത് തവണ മാറ്റിയിട്ടുണ്ട്. കടല്‍മാര്‍ഗ്ഗം ശ്രീലങ്കയിലേക്ക് രക്ഷപ്പെടാനും പദ്ധതിയിട്ടിരുന്നു. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ റാവുവിനെ ഓഗസ്റ്റ് 16 വരെ റിമാന്‍ഡ് ചെയ്തു.

2002 മെയിലാണ് സിബിഐ ചലപതി റാവുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൈദരാബാദില്‍ എസ്ബിഐയുടെ ചന്ദുലാല്‍ ബിരാദാരി ബ്രാഞ്ചിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായിരിക്കെയാണ് തട്ടിപ്പ് നടത്തിയത്. 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഇലക്ട്രോണിക് ഷോപ്പുകളുടെ വ്യാജ ക്വട്ടേഷനുകളും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും പേരില്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകളും നിര്‍മിച്ചാണ് ഇയാള്‍ പണം തട്ടിയത്. 2004 മുതല്‍ കാണാതായ റാവുവിനെതിരെ 2004 ഡിസംബര്‍ 31ന് സിബിഐ രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. റാവുവിനെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തട്ടിപ്പ് കേസില്‍ ഭാര്യയും പ്രതിയാണ്. റാവുവിനെ കാണാതായി ഏഴ് വര്‍ഷത്തിന് ശേഷം മരിച്ചതായി പ്രഖ്യാപിക്കാന്‍ ഭാര്യ സിവില്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ഹൈദരാബാദിലെ സിവില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍ 2007ല്‍ സേലത്തേക്ക് പോയ ചലപതി റാവു, എം വിനീത് കുമാര്‍ എന്ന് പേരുമാറ്റി അവടെയുള്ള സ്ത്രീയെ വിവാഹം ചെയ്തു. 2014-ല്‍ റാവു സേലം വിട്ട് ഭോപ്പാലിലെത്തി, അവിടെ വായ്പാ റിക്കവറി ഏജന്റായി ജോലി ചെയ്തു. അവിടെ നിന്ന് ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെത്തി സ്‌കൂളിലും ജോലി ചെയ്തു. 2016ല്‍ രുദ്രാപൂര്‍ വിട്ട് ഔറംഗബാദിലെ ഗ്രാമത്തിലെ ആശ്രമത്തിലെത്തി. അവിടെ നിന്ന് സ്വാമി വിധിതാത്മാനന്ദ തീര്‍ത്ഥ എന്ന പേരില്‍ ആധാര്‍ കാര്‍ഡ് സ്വന്തമാക്കി. രാജസ്ഥാനിലെ ഭരത്പൂരിലേക്ക് താമസം മാറുന്നതിന് മുമ്പ് റാവു ആശ്രമത്തില്‍ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്തു. ഈ വര്‍ഷം ജൂലൈ എട്ടിന് തിരുനെല്‍വേലിയില്‍ എത്തിയതിന് പിന്നാലെയാണ് പിടിയിലായത്.

Top