വനിതാ ഡോക്ടറുടെ കൊലപാതകം: മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ലൈസന്‍സ് റദ്ദാക്കി

പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിന്റേതാണ് നടപടി

വനിതാ ഡോക്ടറുടെ കൊലപാതകം: മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ലൈസന്‍സ് റദ്ദാക്കി
വനിതാ ഡോക്ടറുടെ കൊലപാതകം: മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ലൈസന്‍സ് റദ്ദാക്കി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ആര്‍ ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷനും ലൈസന്‍സും റദ്ദാക്കി. പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിന്റേതാണ് നടപടി. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് സന്ദീപിനെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

1914ലെ ബംഗാള്‍ മെഡിക്കല്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ലൈസന്‍സ് സസ്പെന്റ് ചെയ്തത്. സന്ദീപ് ഘോഷിന്റെ മെഡിക്കല്‍ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ ഡബ്ല്യൂബിഎംസിയോട് (വെസ്റ്റ് ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍) ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ട് രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ പാടില്ലെന്ന് വിശദീകരിക്കണമെന്ന്ആവശ്യപ്പെട്ട് ഡബ്ല്യൂബിഎംസി സെപ്റ്റംബര്‍ 7ന് ഘോഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സിബിഐ കസ്റ്റഡിയിലുള്ള ഘോഷ് നോട്ടീസിനോട് പ്രതികരിച്ചില്ല.

സന്ദീപ് ഘോഷിന്റെ നുണപരിശോധനയിലെ മറുപടികള്‍ വഞ്ചനാപരമാണെന്ന് സിബിഐ നേരത്തേ ആരോപിച്ചിരുന്നു. നുണ പരിശോധനയ്ക്കിടയിലും ശബ്ദ വിശകലനത്തിനിടയിലും സന്ദീപ് ഘോഷ് വഞ്ചനാപരമായ മറുപടി നല്‍കിയതായി സിബിഐ പറഞ്ഞു. രാവിലെ 9.58ന് തന്നെ സന്ദീപ് ഘോഷിന് മരണ വിവരം ലഭിച്ചെന്നും എന്നാല്‍ അദ്ദേഹം ഉടനടിയുള്ള നടപടി സ്വീകരിച്ചില്ലെന്നും സിബിഐ പറഞ്ഞു. പിന്നീട് സന്ദീപ് ഘോഷ് അവ്യക്തമായ പരാതി നല്‍കുകയായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി.

‘പെട്ടെന്ന് പരാതി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ശരീരത്തിന്റെ കീഴ്ഭാഗത്ത് വസ്ത്രമില്ലാതെ, ശരീരത്തിന്റെ പുറത്ത് മുറിവുകളോട് കൂടി അതിജീവിതയെ കണ്ടിട്ടും ആത്മഹത്യയാണെന്ന് അവതരിപ്പിച്ചു. പകല്‍ 10.03ന് സന്ദീപ് ഘോഷ് താല പൊലീസ് ഓഫീസര്‍ ഇന്‍ ചാര്‍ജ് അഭിജിത് മൊണ്ടാലുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് 11.30നാണ്’, സിബിഐ പറഞ്ഞു. 10.03ന് തന്നെ വിവരം ലഭിച്ചിട്ടും കുറ്റകൃത്യം നടന്ന സ്ഥലത്ത് പെട്ടെന്ന് എത്താത്തതിന്റെ പേരില്‍ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൊണ്ടാലിനെ നേരത്തെ തന്നെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ചെസ്റ്റ് മെഡിസിനിലെ സെമിനാര്‍ ഹാളില്‍ അതിജീവിതയെ അബോധാവാസ്ഥയില്‍ കണ്ടെത്തിയെന്നാണ് ജനറല്‍ ഡയറിയില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ ഒരു ഡോക്ടര്‍ അതിജീവിതയെ പരിശോധിച്ച് മരിച്ചെന്ന് കണ്ടെത്തിയിരുന്നു.

Top