തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി ജോലി ചെയ്ത മുന്‍ സ്റ്റുഡ്ന്റ് പൊലീസ് കേഡറ്റുകള്‍ക്കും എന്‍സിസി,എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ പണം നല്‍കിയില്ല. സംസ്ഥാന സര്‍ക്കാര്‍ 6 കോടി രൂപ നല്‍കിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഫലം നല്‍കാന്‍ ചട്ടമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. സേവനം ചെയ്ത വിമുക്ത ഭടന്മാരും പ്രതിഫലത്തിനായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്.
ആവശ്യത്തിന് പൊലീസ് ഇല്ലാത്തത് കൊണ്ടാണ് മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെയും എന്‍സിസി എന്‍ എസ് എസ് വിദ്യാര്‍ത്ഥികളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചത്. ഒപ്പം വിമുക്ത ഭടന്മാരെയും നിയമിച്ചിരുന്നു. സ്‌പെഷ്യല്‍ പൊലീസ് എന്ന നിലക്ക് ഈ വിഭാഗങ്ങളിലാകെ 22,000 പേരെയാണ് നിയോഗിച്ചത്.
വോട്ടെടുപ്പ് ദിവസവും തലേന്നും ബൂത്തുകളിലായിരുന്നു ചുമതല. ഒരു ദിവസം 1300 രൂപ വച്ച് രണ്ട് ദിവസത്തെ പ്രതിഫലമാണ് ഇവര്‍ക്ക് നല്‍കേണ്ടിയിരുന്നത്.ഇതിനായി ആറു കോടിരൂപയാണ് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. പക്ഷെ വിമുക്ത ഭടന്‍മാര്‍ക്കൊഴികെ മാറ്റാര്‍ക്കും ഇപ്പോള്‍ പണം നല്‍കില്ലെന്നാണ് കമ്മീഷന്റെ നിലപാട്. വിദ്യാര്‍ത്ഥികളെ ഈ രീതിയില്‍ സുരക്ഷക്കായി നിയോഗിക്കാനാകില്ലെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെന്നാണ് വിശദീകരണം.