വൈപ്പിൻ: എക്സൈസ് പരിശോധനയിൽ ലഹരിമരുന്നുകളുമായി മൂന്നു പേർ പിടിയിൽ. ഹാഷിഷ് ഓയിൽ, മെത്താഫിറ്റമിൻ, എം.ഡി.എം.എ മുതലായ ലഹരിമരുന്നുകളുമായാണ് എക്സൈസ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്. പരുത്തിക്കടവ് തറയപറമ്പിൽ വീട്ടിൽ റോണി (24), അയോധ്യപുരം കോളനിയിൽ കുന്നത്ത് വീട്ടിൽ റിൻഷാദ് (26), വളപ്പ് കടപ്പുറം കരയിൽ മരയ്ക്ക പറമ്പിൽ വിഷ്ണുജിത്ത് (22 ) എന്നിവരാണ് അറസ്റ്റിലായത്. റോണിയുടെ വീട്ടിൽ നിന്ന് 800 മി.ഗ്രാം മെത്താഫിറ്റമിൻ എന്ന രാസലഹരിയും, റിൻഷാദിന്റെ വീട്ടിൽ നിന്ന് മൂന്നു ഗ്രാം ഹാഷിഷ് ഓയിലും, വിഷ്ണുജിത്തിന്റെ വീട്ടിൽ നിന്ന് എം.ഡി.എം.എ വിഭാഗത്തിൽപ്പെടുന്ന വിലകൂടിയ അഞ്ചു ഗ്രാം ഗോൾഡൻ മെത്ത് എന്ന രാസ ലഹരിയുമാണ് പിടികൂടിയത്. വിഷ്ണു ജിത്ത് വിവിധ കേസുകളിൽ കൂടി പ്രതിയാണ്.
Also Read: കൊലപ്പെടുത്താന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റിൽ
എക്സൈസ് അധികൃതർ കുറച്ച് ദിവസങ്ങളായി വൈപ്പിൻ തീരപ്രദേശങ്ങളിൽ ലഹരിമരുന്ന് എത്തിച്ചേരുന്നുവെന്ന വിവരത്തെ തുടർന്ന് പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. അതേസമയം ലഹരിയുടെ ഉറവിടത്തെക്കുറിച്ചും ഉപയോക്താക്കളെക്കുറിച്ചും ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്. വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.