ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് എക്‌സൈസ് പറഞ്ഞു. കഞ്ചാവും, പത്ത് കിലോയോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഇവരില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായും എക്സൈസ് പറഞ്ഞു.
ചേര്‍ത്തല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടിപി സജീവ് കുമാര്‍ നേതൃത്വം നല്‍കിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ പി.ടി ഷാജി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനിലാല്‍ പി, സിഇഒമാരായ സാജന്‍ ജോസഫ്, മോബി വര്‍ഗീസ്, മഹേഷ്, ഡ്രൈവര്‍ രജിത് കുമാര്‍ എന്നിവരും പങ്കെടുത്തു. ചേര്‍ത്തല താലൂക്കിലെ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ 940 006 9483, 0478 – 2813 126 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എക്സൈസ് വ്യക്തമാക്കി.