സഫാരി കാറിനുള്ളില്‍ ആവേശം സിനിമാ മോഡല്‍ സ്വിമ്മിംഗ് പൂള്‍; യൂട്യൂബര്‍ സഞ്ജു ടെക്കിയ്‌ക്കെതിരെ നടപടി

സഫാരി കാറിനുള്ളില്‍ ആവേശം സിനിമാ മോഡല്‍ സ്വിമ്മിംഗ് പൂള്‍; യൂട്യൂബര്‍ സഞ്ജു ടെക്കിയ്‌ക്കെതിരെ നടപടി
സഫാരി കാറിനുള്ളില്‍ ആവേശം സിനിമാ മോഡല്‍ സ്വിമ്മിംഗ് പൂള്‍; യൂട്യൂബര്‍ സഞ്ജു ടെക്കിയ്‌ക്കെതിരെ നടപടി

ഫാരി കാറിനുള്ളില്‍ ആവേശം സിനിമാ മോഡല്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിയ്‌ക്കെതിരെ നടപടി. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതാണ് നടപടി. സഫാരി കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ആര്‍ടിഒ വാഹനം പിടിച്ചെടുക്കുകയും കാര്‍ ഉടമയുടേയും ഡ്രൈവറുടേയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. യൂട്യൂബര്‍ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഇത്തരം യാത്രകള്‍ അത്യന്തം അപകടകരമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ രമണന്‍ പറഞ്ഞു.

ആവേശം സിനിമയിലെ അംബാന്‍ ലോറിയ്ക്ക് പിന്നില്‍ ഒരുക്കിയ സ്വിമ്മിംഗ് പൂളിന്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളില്‍ പൂളൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരിക്കുന്നത്. അത്യന്തം അപകടകരമായ വിധത്തില്‍ പൊതുനിരത്തിലൂടെയാണ് ഈ പൂള്‍ കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ പിന്‍ഭാഗത്ത് പാസഞ്ചേഴ്‌സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ സ്വിമ്മിംഗ് പൂള്‍ സെറ്റ് ചെയ്തത്. ടാര്‍പോളിന്‍ വലിച്ചുകെട്ടി അതില്‍ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയിരുന്നത്.

ദേശീയ പാതയിലൂടെ ഉള്‍പ്പെടെയാണ് സഞ്ജുവും കൂട്ടുകാരും ഈ വാഹനമോടിച്ചത്. നിരവധി പേര്‍ കാറിനുള്ളിലെ പൂളില്‍ കുളിയ്ക്കുന്നതായും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതായും വിഡിയോയില്‍ കാണാം. അതിനിടെ വാഹനത്തിലെ പൂളിനുള്ളിലെ മര്‍ദം കൊണ്ട് വാഹനത്തിന്റെ എയര്‍ ബാഗ് പുറത്തേക്ക് വരികയും ഒടുവില്‍ ബാക്ക് ഡോര്‍ തുറന്ന് ഇവര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്തിരുന്നു. യൂട്യൂബില്‍ മത്സരം കൂടിവരുന്നതോടെ വ്യത്യസ്തമായ വിഡിയോ ചെയ്ത് റീച്ചുണ്ടാക്കാനാണ് ഈ വിഡിയോ എടുത്തതെന്നാണ് സഞ്ജു ടെക്കി പറയുന്നത്.

Top