CMDRF

എക്സിറ്റ് പോളുകളില്‍ തെളിഞ്ഞത് കോര്‍പറേറ്റുകളുടെ തന്ത്രം: സഞ്ജയ് റാവത്ത്

എക്സിറ്റ് പോളുകളില്‍ തെളിഞ്ഞത് കോര്‍പറേറ്റുകളുടെ തന്ത്രം: സഞ്ജയ് റാവത്ത്
എക്സിറ്റ് പോളുകളില്‍ തെളിഞ്ഞത് കോര്‍പറേറ്റുകളുടെ തന്ത്രം: സഞ്ജയ് റാവത്ത്

മുംബൈ: തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകളോട് പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. എക്സിറ്റ് പോളുകള്‍ കോര്‍പറേറ്റുകളുടെ തന്ത്രമാണെന്നും എക്സിറ്റ് പോളുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ മാധ്യമങ്ങള്‍ക്ക് മേല്‍ ധാരാളം സമ്മര്‍ദങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം പറഞ്ഞത്.

താന്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും നിലവില്‍ പാര്‍ട്ടിയുടെ അടിയൊഴുക്കുകള്‍ തനിക്കറിയാമെന്നും അതുകൊണ്ട് തന്നെ ഭയമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ലോക്‌സഭയില്‍ പ്രതിപക്ഷമായ ഇന്ത്യാ മുന്നണി 295 മുതല്‍ 310 വരെ സീറ്റുകള്‍ നേടുകയും ഇന്ത്യയില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്യും. എക്സിറ്റ് പോളുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരം നിലനിര്‍ത്തുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഇതെല്ലം കോര്‍പ്പറേറ്റുകളുടെ തന്ത്രങ്ങളാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

‘പലരും മാധ്യമ കമ്പനികള്‍ക്ക് മേല്‍ വളരെയധികം സമ്മര്‍ദം ചെലുത്തുന്നുണ്ട് . ഇത് കോര്‍പറേറ്റ് തന്ത്രങ്ങളാണ്. അവര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്സിറ്റ് പോളുകളല്ല ജനങ്ങള്‍ ചെയ്ത വോട്ടുകളുടെ എണ്ണമാണ് മന്ത്രിസഭയെ നിര്‍ണയിക്കുന്നത്. മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാ വികാസ് അഘാടി 48 സീറ്റുകളില്‍ 35ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം പറഞ്ഞു.

‘മഹാരാഷ്ട്രയില്‍ ശിവസേന 2019ലെ 18 സീറ്റുകള്‍ നിലനിര്‍ത്തും, കോണ്‍ഗ്രസും എന്‍.സി.പിയും മികച്ച പ്രകടനം കാഴ്ച വെക്കും. എന്‍.സി.പി സ്ഥാനാര്‍ഥി സുപ്രിയ സുലെ ബാരാമതിയില്‍ ഒന്നരലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കും,’ അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ്, ബീഹാര്‍, ഹരിയാന, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളും രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Top