കുവൈത്ത്: ക്ഷേമനിധി പിഴയിൽ ഇളവ് വരുത്താനൊരുങ്ങി പ്രവാസി വെൽഫെയർ ബോർഡ്. പല കാരണങ്ങളാൽ ക്ഷേമനിധി അടക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് അടക്കാനുള്ള തുകയുടെ 60 ശതമാനത്തിലേറെ വരെ പിഴ വന്നിരുന്നു. അംഗത്വം പുനഃസ്ഥാപിക്കാൻ ഇനി കുടിശ്ശികയായി നിലനിൽക്കുന്ന അംശാദായ തുകയുടെ 14 ശതമാനം പലിശയും, ഈ പലിശ തുകയുടെ ഒരു ശതമാനം പിഴയും അടച്ചാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.
നിലവിലെ കുടിശ്ശിക തുകക്ക് ആനുപാതികമായി പലിശ വർധന ഉണ്ടായിരുന്ന രീതി ഇതോടെ ഒഴിവായി. പുതുക്കിയ നിരക്കിൽ പിഴ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ, കുടിശ്ശിക വരുത്തിയ 60 വയസ്സ് കഴിഞ്ഞവരുടെ പിഴ ഒഴിവാക്കില്ലെന്നാണ് തീരുമാനം. പലകാരണങ്ങളാൽ അടവ് മുടങ്ങിയവർക്ക് വലിയ പിഴ വന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
Also Read: സ്വദേശി നിയമനം നിർബന്ധമാക്കി യുഎഇ
വിദേശത്തുള്ളവർക്ക് 3500, നാട്ടിലുള്ളവർക്ക് 3000 രൂപ എന്നിങ്ങനെയാണ് ഇപ്പോൾ പെൻഷനായി ലഭിക്കുന്നത്. വിദേശത്തുള്ളവരുടെ പെൻഷൻ 5000 രൂപയായും നാട്ടിൽ മടങ്ങിയെത്തിയവരുടേത് 4000 രൂപയായും ഉയർത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. നാട്ടിലുള്ളവർ 200 രൂപയും വിദേശത്തുള്ളവർ 350 രൂപയുമാണ് പ്രവാസി ക്ഷേമനിധി വിഹിതമായി അടക്കേണ്ടത്.