റിയാദ്: കാലാവധി കഴിഞ്ഞ കോഴിയിറച്ചി ശേഖരം തീയതി മാറ്റി കൃത്രിമം കാണിച്ച് വിൽക്കാൻ ശ്രമിച്ച മൊത്ത വ്യാപാര സ്ഥാപനത്തിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അഞ്ച് ലക്ഷം റിയാൽ പിഴ ചുമത്തി. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഉപയോഗ കാലാവധിയിൽ തിരുത്തലുകൾ വരുത്തിയ അഞ്ച് ടൺ കോഴിയിറച്ചിയും,
ഉറവിടമറിയാത്ത കോഴിയിറച്ചി, ബീഫ് ശേഖരവും കണ്ടെത്തുകയായിരുന്നു. ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്ക് മൊത്തമായി വിൽക്കാൻ സൂക്ഷിച്ചതായിരുന്നു ഇവ. ഉപയോഗ കാലാവധിയിൽ തിരുത്തൽ വരുത്താൻ സൂക്ഷിച്ച സ്റ്റിക്കർ ശേഖരവും ഉപകരണങ്ങളും സ്ഥാപനത്തിൽ കണ്ടെത്തിയിരുന്നു. പരിശോധനക്കിടെ കണ്ടെത്തിയ കാലാവധി തീർന്ന കോഴിയിറച്ചിയും, ഉറവിടമറിയാത്ത കോഴിയിറച്ചി, ബീഫ് ശേഖരവും അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.