വാഷിങ്ടന്‍: രാജ്യാന്തര ബഹിരാകാശ നിലയം (ഐ.എസ്.എസ്) കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ തകര്‍ത്തുതരിപ്പണമാക്കേണ്ട ചുമതല ഇലോണ്‍ മസ്‌ക്കിന്റെ സ്‌പേസ് എക്സ് കമ്പനിക്ക്. 430 ടണ്ണോളം ഭാരം വരുന്ന നിലയത്തെ പസിഫിക് സമുദ്രത്തിലേക്കു തള്ളിയിടാന്‍ കരുത്തുള്ള വാഹനം കമ്പനി നിര്‍മിക്കും. 2031ലേക്ക് ആവും ഇത് വേണ്ടി വരുക. ഫുട്‌ബോള്‍ മൈതാനത്തിന്റെ വലുപ്പം വരുന്ന നിലയം യുഎസ്, റഷ്യ എന്നിവിടങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞരാണ് പ്രധാനമായും നയിക്കുന്നത്. തിരിച്ചിറക്കാന്‍ ആവശ്യമായ റഷ്യന്‍ സാങ്കേതികവിദ്യയുമായാണ് നിലയം നില്‍ക്കുന്നത് എന്നാല്‍ രാജ്യാന്തര ബഹിരാകാശ ധാരണകളില്‍നിന്ന് റഷ്യ പെട്ടെന്നൊരു ദിവസം പിന്നോട്ടുപോയാലോ എന്നു കരുതി നിലയത്തെ തിരികെകൊണ്ടുവരാന്‍ ആവശ്യമായ കാര്യങ്ങള്‍ നാസ സ്വന്തം നിലയില്‍ അന്വേഷിക്കുന്നുണ്ടായിരുന്നു 24 വര്‍ഷമായി നിലനില്‍ക്കുന്ന നിലയത്തിന്റെ കാലാവധി 2030ല്‍ അവസാനിപ്പിക്കാനാണു നാസയുടെ പദ്ധതി.
യുഎസ്, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവരും ബഹിരാകാശ നിലയത്തിന്റെ നിലനില്‍പ്പിനായി 2030 വരെ കൈകോര്‍ക്കാന്‍ ധാരണയുണ്ട്. 2028 വരെയേ നിലയത്തിന്റെ ഭാഗമായിരിക്കു എന്നാണ് റഷ്യയുടെ നിലപാട്. യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെ അടുത്തിടെ രാജ്യാന്തര തലത്തില്‍ റഷ്യ മറ്റു രാജ്യങ്ങളുമായി ചേരാതെ നില്‍ക്കുകയാണ്. ഇക്കാരണങ്ങളാല്‍ കൃത്യമായ പദ്ധതിയൊരുക്കണമെന്ന് വൈറ്റ് ഹൗസ് ഉള്‍പ്പെടെയുള്ള മറ്റു സര്‍ക്കാര്‍ നേതൃത്വവും നാസയോട് ആവശ്യപ്പെട്ടു. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു തിരിച്ചുവരുമ്പോള്‍ നിലയത്തിന്റെ വലിയൊരു പങ്കും കത്തിയമരും എങ്കിലും ബാക്കി ആളപായമുണ്ടാക്കാത്ത വിധം സമുദ്രത്തില്‍ വീഴുന്ന തരത്തിലായിരിക്കും ക്രമീകരണമെന്നാണു കരുതുന്നത് ഇതിനുള്ള ഒരുക്കങ്ങള്‍ക്കായി 7032 കോടി രൂപയുടെ കരാര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു പ്രായമേറുന്നതിനാല്‍ രാജ്യാന്തര നിലയം 2031ല്‍ തിരിച്ചിറക്കുമെന്നു കഴിഞ്ഞ വര്‍ഷം നാസ പ്രഖ്യാപിച്ചിരുന്നു. 1998ല്‍ റഷ്യയുടെ പ്രോട്ടോണ്‍ റോക്കറ്റാണ് സ്‌പേസ് സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള ആദ്യ മൊഡ്യൂള്‍ ബഹിരാകാശത്തെത്തിച്ചത്.