CMDRF

ഒരു കൊറിയൻ കലവറ

ഒരു കൊറിയൻ കലവറ
ഒരു കൊറിയൻ കലവറ

മ്മുടെ നാട്ടിൽ ഇപ്പോൾ കൊറിയൻ തരംഗമാണല്ലോ. ആസ്വാദനത്തിൽ മാത്രമല്ല വസ്ത്രരീതികളിലും ഭക്ഷണശൈലിയിലുമെല്ലാം ഈ അനുകരണം ഇപ്പോൾ നമുക്ക് ചുറ്റും കാണാം. എല്ലാ വീടുകളിലും കൊറിയൻ ആരാധകരായ ഒരാളെങ്കിലും ഉണ്ടാവും എന്നതും ഉറപ്പാണ്. അമേരിക്കയിലേക്കും കാനഡയിലേക്കുമൊക്കെ പഠനത്തിനായി പോകുന്നത് പോലെ തന്നെ എപ്പോൾ കൊറിയയിലേക്ക് നാടുകടക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ഒരിക്കലെങ്കിലും ആ രാജ്യം സന്ദർശിക്കണം എന്ന് ആഗ്രഹിക്കാത്തവരും ചുരുക്കമാണ്. അപ്പൊ പിന്നെ അവിടുത്തെ ഭക്ഷണ രീതിയെക്കുറിച്ചും ഒന്ന് അറിഞ്ഞിരിക്കണ്ടേ?

പ്രധാനമായും കെ ഡ്രാമകളിലൂടെയാണ് നമ്മുടെ നാട്ടിലെ യുവാക്കൾക്കിടയിൽ കൊറിയൻ ഭക്ഷണം ഫാൻബേസ് ഉണ്ടാക്കിയെടുക്കുന്നത്. പരമ്പരാഗത ഹംഗുൽ വിഭവങ്ങളും അവയുടെ പാചകരീതികളും കേരളത്തിലും നിരവധി ആരാധകരെ കണ്ടെത്തി. സാധാരണ, കൊറിയക്കാർ സോബൻ എന്ന ചെറിയ ട്രേ പോലുള്ള മേശകളിലാണ് ഭക്ഷണം കഴിക്കുന്നത്.

ഭക്ഷണം സാധാരണയായി ഒരു പാത്രത്തിൽ വിളമ്പുന്നു, അത് ഒരു ചോപ്സ്റ്റിക്കിൻ്റെ സഹായത്തോടെയാണ് കഴിക്കുന്നത്. പച്ചക്കറികൾ, മാംസം, മത്സ്യം എന്നി ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഇവർ സാധാരണയായി ചെറിയ പാത്രങ്ങളിൽ ധാരാളം സൈഡ് ഡിഷുകൾ ഉപയോഗിക്കുന്നവരാണ്. ചെറിയ അളവിൽ അരിയും കൂടുതൽ സൈഡ് വിഭവങ്ങളും അതാണ് പൊതുവേ ഇവരുടെ രീതി.

കിംചി

കൊറിയൻ വീടുകളിലെ ഒഴിച്ചുകൂടാനാകാത്ത സൈഡ് ഡിഷുകളിൽ ഒന്നാണു കിംചി. കാബേജ്, റാഡിഷ് കാരറ്റ്, ഉള്ളിത്തണ്ട്, പെപ്പർ ഫ്ലേക്സ്‌, വെളുത്തുള്ളി, ഇഞ്ചി എന്നിവയും മസാലപ്പൊടികളും സോസുകളും ചേർത്തുണ്ടാക്കുന്ന ഇവ കൊറിയയുടെ പരമ്പരാഗത ഭക്ഷണത്തിലെ പ്രധാനിയാണ്. ഗോച്ചുചങ് എന്ന കൊറിയൻ റെഡ് ചില്ലി പേസ്റ്റാണ് കിംചി ഉണ്ടാക്കാനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഉപ്പും എരിവും പുളിയുമൊക്കെ ചേർന്നു വ്യത്യസ്ത രുചിയുള്ള ഇത് കറി പോലെയും പ്രധാന ഭക്ഷണമായും മറ്റു ഭക്ഷണമുണ്ടാക്കുമ്പോൾ ഒരു ചേരുവയായുമൊക്കെ ഉപയോഗിക്കാറുണ്ട്.

ഗോപ്ചങ്

പശുവിന്റെയോ പോത്തിന്റെയോ ചെറുകുടൽ, പന്നിയുടെ കുടൽ എന്നിവ ഉപയോഗിച്ചാണു ഗോപ്ചങ് ഉണ്ടാക്കുന്നത്. ചെറിയ കഷണങ്ങളാക്കി മുറിച്ചു സൂപ്പായും ഗ്രിൽ ചെയ്തും ആവിയിൽ വേവിച്ചുമൊക്കെ ഇവ കഴിക്കും.

ജജങ്മ്യോൺ

നൂഡിൽസ് വിഭവമാണ് ജജങ്മ്യോൺ. ബ്ലാക്ക് സോയബീൻ പേസ്റ്റായ ‌ചങ്ജങ്, ചെറുതായി അരിഞ്ഞ പോർക്ക്, പച്ചക്കറികൾ എന്നിവയിട്ടാണ് ഉണ്ടാക്കുന്നത്. ഇരുണ്ട നിറത്തിലുള്ള ഈ നൂഡിൽസിന് അൽപം മധുരവും പുളിയും ചേർന്ന രുചിയാണ്.

ഗിംബാപ്

ജപ്പാൻകാരുടെ സുഷി റോൾ പോലെയുള്ള കൊറിയൻ വിഭവമാണ് ഗിംബാപ്. ഗിമ്മും ബാപ്പും ചേർന്ന റോൾ. വേവിച്ചെടുത്ത ചോറിൽ (ബാപ്) എള്ളെണ്ണ ചേർത്തെടുക്കും. ഇതിൽ കിംചി, ബുൾഗോഗി എന്നിവയും ചേർക്കും. പേപ്പറു പോലെയുള്ള ഗിമ്മിൽ അടുക്കുകയും ചുരുട്ടി റോൾ ആക്കുകയും ചെയ്ത ശേഷം ചെറിയ കഷണങ്ങളായി വട്ടത്തിൽ മുറിച്ചെടുക്കും. കഴിക്കാൻ പറ്റുന്ന കടൽച്ചെടികൾ ഉണക്കി പേപ്പർ പോലെ പരത്തി എടുക്കുന്നതാണ് ഗിം. ഇതിൽ ചോറ്, ഇറച്ചി, മീൻ എന്നിവയൊക്കെ റോളാക്കി കഴിക്കുന്ന രീതിയുമുണ്ട്.

തക്ക്ബോക്കി

അരിപ്പൊടി കുഴച്ച് ആവിയിൽ വേവിച്ചു പരത്തി വിവിധ ആകൃതിയിൽ ഉണ്ടാക്കിയെടുക്കുന്ന റൈസ് കേക്ക് ഉപയോഗിച്ചാണു തക്ക്ബോക്കി ഉണ്ടാക്കുന്നത്. നീളത്തിൽ വിരൽ ആകൃതിയിൽ ഉണ്ടാക്കിയ റൈസ് കേക്കിൽ സ്പൈസിയായ സോസുകൾ ചേർത്തുണ്ടാക്കുന്ന ഇതൊരു കൊറിയൻ തെരുവുഭക്ഷണമാണ്.

ബുൾഗോഗി

മാരിനേറ്റ് ചെയ്തു ബാർബിക്യു ചെയ്‌തെടുക്കുന്ന ഇറച്ചി വിഭവമാണ് ബുൾഗോഗി. വെളുത്തുള്ളിയും സവാളയും ചേർത്തു ഗ്രിൽ ചെയ്തെടുക്കുന്ന ഇതു ലെറ്റ്യൂസ് ഇലയിൽ പൊതിഞ്ഞു തയാറാക്കും. സംജങ് എന്നറിയപ്പെടുന്ന് സ്‌പൈസി പേസ്റ്റ് ചേർത്താണു കഴിക്കുക. ബീഫ്, പോർക്ക്, ചിക്കൻ എന്നിവയിലൊക്കെ ബുൾഗോഗി തയാറാക്കും. സോയാ സോസ്, പഞ്ചസാര, വെളുത്തുള്ളി, കുരുമുളക്, എള്ളെണ്ണ എന്നിവ ചേർത്ത മിശ്രിതത്തിലാണ് മാരിനേറ്റു ചെയ്യുന്നത്.

ബിബിംബാംപ്

കൊറിയൻ ഭക്ഷണത്തിൽ ഏറ്റവും മികച്ചതെന്നു മറ്റു രാജ്യക്കാർ പറയുന്നത് ബിബിംബാംപിനെയാണ്. ചോറ്, എണ്ണയിൽ ചെറുതായി വഴറ്റിയ വിവിധ പച്ചക്കറികൾ, ബീഫ്, പൊരിച്ചെടുത്ത ഒരു മുട്ട, റെഡ് ചില്ലി പെപ്പർ പേസ്റ്റ് എന്നിവ ചേർന്നതാണിത്. കേരളത്തിൽ ചട്ടിച്ചോറു വിളമ്പുന്ന പോലെ ഒരു ബൗളിലാണു വിളമ്പുക. കിംചി ചേർത്താണു പലപ്പോഴും ഇവ കഴിക്കാറ്. തയാറാക്കാനും എളുപ്പമാണ്.

സോജു

കൊറിയൻ വാറ്റാണ് കക്ഷി. ഇതു കഴിക്കുന്നതിനും വിളമ്പുന്നതിനും പ്രത്യേക രീതികളുണ്ട്. കൂട്ടത്തിലെ മുതിർന്ന ആൾ സോജു ഒഴിച്ചു കയ്യിലെടുത്തു കൂടെയുള്ളവർക്കു നൽകും. രണ്ടും കയ്യും നീട്ടി വേണം വാങ്ങാൻ. കണ്ണിൽ നോക്കാതെ തല ഇരുവശവും ഇളക്കി ഒറ്റ ഇറക്കിനു കഴിക്കണം.

ചെറിയ ഷോട്ട് ഗ്ലാസുകളിൽ വെള്ളം ചേർക്കാതെയാണു ഒഴിക്കുക. കൊറിയയിൽ മാത്രമല്ല, ജപ്പാനിലും ചൈനയിലും പ്രചാരത്തിലുള്ള സോജുവിന് നിറമില്ല. അൽപം മധുരമുണ്ട്.

Top