തിരുവനന്തപുരം: കിൻഫ്ര പാർക്കിലെ കോൺക്രീറ്റ് റെഡിമിക്‌സ് യൂണിറ്റിൽ പൊട്ടിത്തെറി. ആർ.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റിൽ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. കൂറ്റൻ ടണലിന്റെ മേൽമൂടി അമിത മർദത്തെത്തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. റെഡിമിക്‌സ് യൂണിറ്റിലെ യന്ത്രഭാഗങ്ങൾ തെറിച്ച് ജനവാസ മേഖലയിൽ വീണു. സമീപത്തെ മൂന്നു നില വീടിന്റെ ജനലിലാണ് യന്ത്രഭാഗം തെറിച്ചു വീണത്. ഇതോടെ, ജനൽ തകർന്ന് താഴെ റോഡിലേക്ക് വീഴുകയായിരുന്നു. റോഡിൽ ആളില്ലാത്തതിനാലാണ് വൻ അപകടം ഒഴിവായത്. പൊട്ടിത്തെറിക്ക് പിന്നാലെ സ്ഥലത്ത് പ്രദേശവാസികൾ പ്രതിഷേധിച്ചു. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.