തെല്‍അവീവ്: ഗസയില്‍ ഇസ്രായേല്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടന്നിരിക്കെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള യുദ്ധകാല മന്ത്രിസഭയില്‍ നിന്ന് ബെന്നി ഗാന്റ്‌സ് രാജിവെച്ചു. രാജിവെച്ച ഗാന്റ്‌സ് നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
യഥാര്‍ഥ വിജയത്തിലേക്ക് മുന്നേറുന്നതില്‍ നിന്ന് നെതന്യാഹു ഇസ്രായേലിനെ തടയുകയാണെന്ന് ഗാന്റ്‌സ് ആരോപിച്ചു. അതിനാലാണ് യുദ്ധകാല സര്‍ക്കാരില്‍ നിന്ന് രാജിവെക്കുന്നത്. വലിയ ഹൃദയഭാരത്തോടെയാണ് തീരുമാനമെടുത്തത്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും വെല്ലുവിളികളെ നേരിടാനും കഴിയുന്ന ഒരു സര്‍ക്കാര്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗാന്റ്‌സ് ആവശ്യപ്പെട്ടു.
പ്രതിഷേധം പ്രധാനമാണെന്നും എന്നാല്‍ അവ നിയമപരമായ രീതിയില്‍ വേണമെന്നും ഗാന്റ്‌സ് പറഞ്ഞു. വിദ്വേഷം പ്രോത്സാഹിപ്പിക്കരുത്. ഇസ്രായേലികള്‍ പരസ്പരം ശത്രുക്കളല്ല, നമ്മുടെ ശത്രുക്കള്‍ അതിര്‍ത്തിക്ക് പുറത്താണ്. നമുക്ക് വേണ്ടത് സത്യവും യാഥാര്‍ഥ്യ ബോധത്തോടെയുമുള്ള ഐക്യമാണെന്നും അല്ലാതെ ഭാഗികമായ ഐക്യമല്ലെന്നും ഗാന്റ്‌സ് വ്യക്തമാക്കി.
മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ ആര്‍മി ജനറലുമായ ബെന്നി ഗാന്റസ് ഇസ്രായേല്‍ റെസിലിയന്‍സ് പാര്‍ട്ടിയുടെ നേതാവാണ്. 2019ലും 2020ലും നടന്ന തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ എതിരാളിയായ ബെന്നി ഗാന്റ്‌സുമായി ചേര്‍ന്ന് നെതന്യാഹു സഖ്യസര്‍ക്കാറിന് രൂപം നല്‍കിയിരുന്നു. തുടര്‍ന്ന് ബജറ്റിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിലംപതിക്കുകയായിരുന്നു.