CMDRF

ഗൂഗിള്‍ പേ വഴി പണം തട്ടി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ യുവാവിന്റെ ചിത്രം സഹിതം പോലീസില്‍ പരാതി നല്‍കുകയായിരുന്നു

ഗൂഗിള്‍ പേ വഴി പണം തട്ടി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഗൂഗിള്‍ പേ വഴി പണം തട്ടി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കല്ലമ്പലം മേഖലയില്‍ കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഗൂഗിള്‍ പേ വഴി യുവാവ് പണം തട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബർ എട്ടിന് വൈകീട്ട് മൂന്ന് മണിയോടെ നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ് മുക്കിലെ സിത സ്റ്റോറില്‍ ബൈക്കിലെത്തിയ യുവാവ് കടയില്‍ കയറിയ ശേഷം 180 രൂപയുടെ സിഗരറ്റ് ആവശ്യപ്പെട്ടു. കച്ചവടക്കാരന്‍ സിഗരറ്റ് കൊടുത്തു. പണം കൊണ്ടുനടക്കാറില്ലെന്നും അതിനാല്‍ ഗൂഗിള്‍ പേ ചെയ്യാമെന്നും യുവാവ് പറഞ്ഞു.

കടയുടമ ഗൂഗിള്‍ പേ നമ്പര്‍ പറഞ്ഞു കൊടുത്തു. നമ്പര്‍ ജ്യേഷ്ഠന് കൈമാറിയതായും ഇപ്പോള്‍ പണം അയയ്ക്കും എന്നും പറഞ്ഞ് യുവാവ് കടയില്‍തന്നെ ഇരുന്നു. ജ്യേഷ്ഠന്‍ അയച്ചതില്‍ ഒരു അബദ്ധം പറ്റിയെന്നും 180 രൂപ ഗൂഗിള്‍ പേ ചെയ്തപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയി 1800 രൂപയാണ് അയച്ചതെന്നും കടയുടമയോട് പറഞ്ഞു. സിഗരറ്റിന്റെ പൈസ കഴിച്ച് ബാക്കി തരണമെന്ന് ആവശ്യപ്പെടുകയും സ്‌ക്രീന്‍ഷോട്ട് കാട്ടിക്കൊടുക്കുകയും ചെയ്തു.

Also Read: സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി: ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്

സാങ്കേതിക പരിജ്ഞാനം കുറവായ കച്ചവടക്കാരന്‍ 1800-ല്‍ നിന്ന് 180 രൂപ കുറച്ച് ബാക്കി 1620 രൂപ കൊടുത്തു. രൂപ കിട്ടിയ ഉടന്‍ യുവാവ് ബൈക്കില്‍ സ്ഥലംവിട്ടു. അല്‍പം കഴിഞ്ഞ് സംശയം തോന്നിയ കടയുടമ അടുത്തുള്ള പരിചയക്കാരനെ വിളിച്ച് അക്കൗണ്ട് പരിശോധിച്ചെങ്കിലും പൈസയും വന്നിട്ടില്ല എന്ന് മനസ്സിലായി.തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ യുവാവിന്റെ ചിത്രം സഹിതം കല്ലമ്പലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തൊട്ടടുത്ത ദിവസങ്ങളില്‍ സമീപത്തെ പുല്ലൂര്‍ മുക്കിലും പള്ളിക്കല്‍, മടവൂര്‍ മേഖലകളിലും കച്ചവട സ്ഥാപനങ്ങള്‍ നിന്ന് ഇതേ യുവാവ് സമാന തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. മടവൂരില്‍ നിന്ന് 5000 രൂപയും പുല്ലൂര്‍ മുക്കില്‍ നിന്ന് 1000 രൂപയും നഷ്ടമായി എന്നാണ് പരാതി. എല്ലാ സ്ഥലത്തെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് ഒരാള്‍ മാത്രം ആണെന്ന് പിടികിട്ടിയത്.

Also Read: കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്നു

വിദഗ്ധമായി ഫോണ്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവരുടെ കടകളില്‍ ഇയാള്‍ കയറാറില്ല. സാധാരണക്കാരായ കച്ചവടക്കാരുടെ കടകളില്‍ കയറി ചെറിയ തുകകള്‍ തട്ടിയെടുത്ത് കടന്നുകളയുകയാണ് ഇയാളുടെ രീതി. ചെറിയ തുകകള്‍ ആയതിനാല്‍ പുറത്ത് പറയാത്ത സംഭവങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം പ്രതി പോലീസ് സ്റ്റേഷനില്‍ ഹാജരായി പരാതിക്കാരുടെ രൂപ തിരിച്ചു നല്‍കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Top