സൈബർ തട്ടിപ്പിലൂടെ പണം തട്ടൽ; പ്രതികൾ പിടിയിൽ

തട്ടിയെടുത്ത പണം പ്രതികൾ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചൂതാട്ടകേന്ദ്രങ്ങളിലും ഓൺലൈൻ ഗെയിമിങ് സൈറ്റുകളിലും ചെലവഴിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്

സൈബർ തട്ടിപ്പിലൂടെ പണം തട്ടൽ; പ്രതികൾ പിടിയിൽ
സൈബർ തട്ടിപ്പിലൂടെ പണം തട്ടൽ; പ്രതികൾ പിടിയിൽ

കോഴിക്കോട്: സൈബർ തട്ടിപ്പിലൂടെ കോഴിക്കോട് സ്വദേശിയിൽനിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതികളെ രാജസ്ഥാനിലെ ബഡിസാദരിയിൽ വെച്ച് കോഴിക്കോട് സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. 4.08 കോടി രൂപയാണ് ഇത്തരത്തിൽ പ്രതികൾ തട്ടിയത്.വാട്സ്ആപ്പിലും ഫോൺ വഴിയും ബന്ധപ്പെട്ട് സഹായാഭ്യർഥന നടത്തിയാണ് പണം തട്ടിയത്. മുഖ്യ പ്രതി സുനിൽ ദംഗി (48), കൂട്ടുപ്രതി ശീതൾ കുമാർ മേത്ത (28) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി മുതൽ ആഗസ്റ്റ് വരെ പലപ്പോഴായാണ് പണം തട്ടിയത്.

തനിക്ക് കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടെന്നും, ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലാണെന്നും പറഞ്ഞാണ് പ്രതികൾ സഹായമഭ്യർഥിച്ചത്. ഇക്കാര്യം തെളിയിക്കാനായി വ്യാജ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും ഉൾപ്പെടെ അയച്ച് നൽകിയാണ് പ്രതികൾ പണം തട്ടിയത്. വാങ്ങിയെടുത്ത പണം തിരികെ നൽകാനായി പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോൾ കുടുംബസ്വത്ത് വിറ്റ് തിരികെ നൽകാമെന്നാണ് ഇവർ മറുപടി നൽകിയത്.

എന്നാൽ സ്വത്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടായെന്നു പറഞ്ഞാണ് പിന്നീട് ഫോൺ കാൾ വന്നത്. ആത്മഹത്യയും കൊലപാതകവും ഉൾപ്പെടെ നടന്നുവെന്നും പരാതിക്കാരൻ ഉൾപ്പെടെ കേസിൽ പ്രതിയാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ആണെന്ന വ്യാജേന ബന്ധപ്പെടുന്നയാൾ പറഞ്ഞു. കേസിൽനിന്ന് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടികൾ തട്ടിയത്.

Also read: അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ അതിക്രമം; 5 അംഗ സംഘം പിടിയിൽ

തട്ടിയെടുത്ത പണം പ്രതികൾ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചൂതാട്ടകേന്ദ്രങ്ങളിലും ഓൺലൈൻ ഗെയിമിങ് സൈറ്റുകളിലും ചെലവഴിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും അന്വേഷണ സംഘം കണ്ടെത്തി. മൊബൈൽ ഫോണുകളിൽനിന്നും ഇരയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളുടെയും ബാങ്ക് ഇടപാടുകളുടെയും വിവരം ശേഖരിച്ചു. പ്രതികളെ വൈകാതെ കോടതിയിൽ ഹാജരാക്കും.

Top