CMDRF

കാണ്‍പൂരില്‍ ഇന്ന് മത്സരത്തിന് അധികസമയം

ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ 107-3 എന്ന സ്കോറിലായിരുന്നു ബംഗ്ലാദേശ് ക്രീസ് വിട്ടത്

കാണ്‍പൂരില്‍ ഇന്ന് മത്സരത്തിന് അധികസമയം
കാണ്‍പൂരില്‍ ഇന്ന് മത്സരത്തിന് അധികസമയം

കാണ്‍പൂര്‍: ഇന്ത്യ-ബംഗ്ലാദേശ് നാലാം ക്രിക്കറ്റ് ടെസ്റ്റിൽ കാണ്‍പൂരില്‍ മഴ മാറി തെളിഞ്ഞ കാലാവസ്ഥയായതോടെ നാലാം ദിനം മുഴുവന്‍ ഓവറും മത്സരം നടക്കാന്‍ സാധ്യത. ഇന്ന് പതിവില്‍ നിന്ന് വ്യത്യസ്തമായി ആദ്യ രണ്ട് സെഷനുകളിലും 15 മിനിറ്റ് വീതം അധികസമയം അനുവദിച്ചിട്ടുണ്ട്. 90 ഓവറുകള്‍ ആണ് ഒരു ദിവസം എറിയേണ്ടതെങ്കിലും രണ്ട് ദിവസം മഴമൂലം പൂര്‍ണമായും നഷ്ടമായ പശ്ചാത്തലത്തില്‍ ഇന്ന് 98 ഓവര്‍ പന്തെറിയും. ടെസ്റ്റിന്‍റെ നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെ ആദ്യ ദിനം എറിഞ്ഞ 35 ഓവര്‍ മാത്രമാണ് മത്സരം നടന്നത്.

ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ 107-3 എന്ന സ്കോറിലായിരുന്നു ബംഗ്ലാദേശ് ക്രീസ് വിട്ടത്. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിന്‍റെ സ്വഭാവത്തില്‍ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയെന്ന് മത്സരം തുടങ്ങിയാലെ വ്യക്തമാകു. ഇന്നും അവസാന ദിനമായ നാളെയും തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നതിനാല്‍ രണ്ട് ദിവസം കൊണ്ട് മത്സരത്തിന് ഫലമുണ്ടാക്കാന്‍ കഴിയുമോ എന്നായിരിക്കും ഇന്ത്യ ശ്രമിക്കുക. അതിനായി ബംഗ്ലാദേശിന്‍റെ ആദ്യ ഇന്നിംഗ്സ് എത്രയും വേഗം അവസാനിപ്പിച്ച് ബാറ്റിംഗിന് ഇറങ്ങാനാകും ഇന്ത്യ ശ്രമിക്കുക.അതേസമയം, സമനിലപോലും നേട്ടമാണ് എന്നതിനാല്‍ പരമാവധി പിടിച്ചു നില്‍ക്കാനായിരിക്കും ബംഗ്ലാദേശ് ശ്രമിക്കുക.

കാണ്‍പൂരില്‍ ഇന്ന് പകല്‍ മഴ പെയ്തില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഔട്ട് ഫീല്‍ഡ് ഉണങ്ങാതിരുന്നത് മത്സരം തുടരാന്‍ തടസമായത്. മഴമൂലം ഇതുവരെ ഏഴ് സെഷനുകളാണ് മത്സരത്തില്‍ നഷ്ടമായത്. ആദ്യ ദിനം ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യദിനം 107-3 എന്ന ഭേദപ്പെട്ട സ്കോറിലാണ് ബംഗ്ലാദേശ് ക്രീസ് വിട്ടത്. ആറ് റണ്‍സുമായി മുഷ്ഫീഖുര്‍ റഹീമും 40 റണ്‍സോടെ മൊനിമുള്‍ ഹഖുമാണ് ക്രീസിലുള്ളത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷമാണ് ബംഗ്ലാദേശ് കരകയറിയത്. സാക്കിര്‍ ഹുസൈന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), ക്യാപ്റ്റൻ നജ്മുല്‍ ഹുസൈന്‍ ഷാന്‍റോ (28) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് ആദ്യ ദിനം നഷ്ടമായത്. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റുകളും. ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Top