കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ദൈനംദിന ജീവിത തിരക്കുകള്‍ക്കിടയില്‍ കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ പലര്‍ക്കും സമയം ലഭിക്കാറില്ല. അതുകൂടാതെ, കൊറോണ മഹാമാരിയ്ക്ക് ശേഷം നമ്മുടെ ജീവിതത്തില്‍ മൊബൈലിന്റെയും ലാപ്ടോപ്പിന്റെയും ഉപയോഗം പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ലാപ്ടോപ്പില്‍ നിന്നും മൊബൈല്‍ സ്‌ക്രീനില്‍ നിന്നും പുറപ്പെടുന്ന കിരണങ്ങള്‍ നമ്മുടെ കണ്ണുകളിലും ചര്‍മ്മത്തിലും ഏറെ സ്വാധീനം ചെലുത്തുന്നു. ലാപ്‌ടോപ്പ്, മൊബൈല്‍ തുടങ്ങിയവയുടെ അമിത ഉപയോഗം നമ്മുടെ കണ്ണുകള്‍ക്ക് ഏറെ ദോഷം ചെയ്യും. ഇതൊക്കെ അറിയാമെങ്കിലും , ഇന്ന് ഈ രണ്ട് ഇലക്ട്രോണിക് സാധനങ്ങള്‍ ഇല്ലാത്ത ഒരു അവസ്ഥയെപ്പറ്റി നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. നമ്മുടെ ജീവിതത്തിന്റെ ഭാഗമായി ഇവ മാറിക്കഴിഞ്ഞു, അതായത് ഈ രണ്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ നാം ഉപയോഗിക്കുന്ന സമയവും ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്.
ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍, ഇപ്പോള്‍ നമ്മള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും മൊബൈലുകളും ഉപയോഗിക്കാന്‍ തുടങ്ങി. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ നമ്മുടെ കണ്ണുകള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. ദിവസം മുഴുവന്‍ ലാപ്‌ടോപ്പ്, മൊബൈല്‍ സ്‌ക്രീനിനെ അഭിമുഖീകരിയ്ക്കുന്ന നമ്മുടെ കണ്ണുകള്‍ക്ക് നല്‍കാം പ്രത്യേക പരിചരണം. നമ്മുടെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കാനായി ഏറെ ചിലവില്ലാതെ വീടുകളില്‍ തന്നെ ലഭിക്കുന്ന ഈ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കണ്ണുകളുടെ ആരോഗ്യം വീണ്ടെടുക്കാം.
സൗന്ദര്യത്തിനും മുഖത്തിന് തിളക്കത്തിനും കറ്റാര്‍ വാഴ സാധാരണയായി എല്ലാവരും ഉപയോഗിക്കാറുണ്ട്, എന്നാല്‍ കണ്ണുകള്‍ക്കും ഇത് ഉത്തമമാണ്. കറ്റാര്‍ വാഴ ജെല്ലില്‍ അല്പം നാരങ്ങാനീര് കലര്‍ത്തി പഞ്ഞി കൊണ്ട് കണ്ണിനു ചുറ്റും പുരട്ടി അല്‍പസമയ ശേഷം കഴുകുക. ഇത് കണ്ണുകള്‍ക്ക് വിശ്രമം നല്‍കും. അതുപോലെതന്നെ ടീ ബാഗ് കണ്ണുകള്‍ക്ക് കുളിര്‍മയും സുഖവും നല്‍കും. ടീ ബാഗ് വെള്ളത്തില്‍ മുക്കി കുറച്ച് നേരം ഫ്രിഡ്ജില്‍ വച്ച ശേഷം കണ്ണുകളില്‍ വയ്ക്കുന്നത് കണ്ണിന്റെ ക്ഷീണം പെട്ടെന്നുതന്നെ അകറ്റാന്‍ സഹായിക്കും. റോസ് വാട്ടര്‍ ചര്‍മ്മത്തിന് മാത്രമല്ല കണ്ണുകള്‍ക്കും ഏറെ ഗുണം ചെയ്യും. റോസ് വാട്ടറില്‍ മുക്കിയ പഞ്ഞി കണ്‍ പോളകളില്‍ വയ്ക്കുക. ഇത് കണ്ണിന് കുളിര്‍മ നല്‍കുകയും ക്ഷീണം അകറ്റുകയും ചെയ്യും. മറ്റൊരു പ്രധാനപ്പെട്ട വഴിയാണ് എല്ലാ വീട്ടിലും ലഭിക്കുന്ന ഒന്നായ ഉരുളക്കിഴങ്ങ് കനം കുറച്ച് അരിഞ്ഞ കഷണം കണ്ണില്‍ വെക്കുക എന്നത്, ഇങ്ങനെ ചെയ്താല്‍ കണ്ണിനു ചുറ്റും കാണപ്പെടുന്ന ഇരുളിമ മാറിക്കിട്ടും. ഇത്തരത്തിലുള്ള നിരവധി പൊടിക്കൈകളിലൂടെ തന്നെ കണ്ണിനു വേണ്ട സംരക്ഷണം കൊടുക്കാന്‍ സാധിക്കും.